16 August, 2016 01:22:16 PM
ഒളിമ്പിക്സ്: ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ സീമ പുനിയ പുറത്ത്
റിയോ ഡി ജനീറൊ: ഒളിമ്പിക്സ് വനിതാ വിഭാഗം ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ സീമ പുനിയ പുറത്ത്. യോഗ്യത റൗണ്ടിൽ ഇരുപതാം സ്ഥാനത്തെത്തിയ പുനിയക്ക് 57.58 ദൂരം മാത്രമാണ് താണ്ടാൻ സാധിച്ചത്. രണ്ടാമത്തെ ത്രോ ഫൗളായതാണ് പുനിയയുടെ പുറത്താകലിലേക്ക് നയിച്ചത്.
ഫൈനലിലേക്ക് യോഗ്യത നേടിയ 12 പേരിൽ 65.38 ദൂരമെറിഞ്ഞ ക്യൂബയുടെ യാമിൻ പെരസിനാണ് ഒന്നാം സ്ഥാനം. നേരത്തെ പുരുഷൻമാരുടെ ഡിസ്കസ് ത്രോ വിഭാഗത്തിൽ ഇന്ത്യയുടെ വികാസ് ഗൗഡയും യോഗ്യത റൗണ്ടിൽ നിന്ന് പുറത്തായിരുന്നു.
ബോക്സിങ്ങിൽ പുരുഷൻമാരുടെ 75 കിലോ മിഡിൽവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന വികാസ് കൃഷ്ണൻ സെമി കാണാതെ പുറത്ത്. ഇതോടെ താരത്തിന് മെഡലും നഷ്ടമായി. ക്വാർട്ടറിൽ ഉസ്ബെക്കിസ്താെൻറ ബെക്തർ മെലിക്കുസിയേവയാണ് വികാസിനെ പരാജയപ്പെടുത്തിയത്. സ്കോർ (3-–0).
കഴിഞ്ഞ വർഷം തായ്ലൻഡിൽ നടന്ന ഏഷ്യൻ ബോക്സിങ് ചാപ്യൻഷിപ്പിൽ ഇരുവരും മുഖാമുഖം വന്നപ്പോഴും ജയം ബെക്തറിനൊപ്പമായിരുന്നു. നേരത്തെ തുർക്കിയുടെ സിപൽ ഒാൻഡറിനെ വീഴ്ത്തിയാണ് വികാസ് ക്വാർട്ടറിൽ കടന്നത്.