24 October, 2026 08:16:46 PM
സിബിഎല്‍; താഴത്തങ്ങാടിയില്‍ അരോമ ചുണ്ടന്‍ ജേതാക്കള്‍

കോട്ടയം: വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ താഴത്തങ്ങാടി മത്സര വള്ളംകളിയില്‍ അരോമ ചുണ്ടന്‍ ജേതാക്കള്‍. കലാശപ്പോരില്‍ മൂന്നു മിനിറ്റ് 21.227 സെക്കന്‍ഡിലാണ് കൊല്ലം പരവൂര്‍ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടന്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ മേല്‍പ്പാടം ചൂണ്ടനും(മൂന്നു മിനിറ്റ് 21.802 സെക്കന്‍ഡ്) നിരണം ബോട്ട് ക്ലബ്ബിന്‍റെ നിരണം ചുണ്ടനും(മൂന്നു മിനിറ്റ് 21.925 സെക്കന്‍ഡ്) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വീയപുരം, ചെറുതന, ആര്‍പ്പൂക്കര, പുണ്യാളന്‍ നിരണം, നടുഭാഗം, തലവടി എന്നിവയാണ് നാലു മുതല്‍ ഒന്‍പതു വരെ സ്ഥാനങ്ങളില്‍. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ പുത്തന്‍പറമ്പിലും വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ ചാമ്പ്യനും ചുരുളന്‍ വിഭാഗത്തില്‍ മൂഴിയും ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ മൂന്നുതൈയ്ക്കനും ജേതാക്കളായി.
ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ നിയമസഭാ സ്പൂീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പിറവത്തെ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം എം പി കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് മത്സരങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയം നഗരസഭാ ചെയര്‍മാന്‍ എം പി സന്തോഷ് കുമാര്‍, വൈസ് ചെയര്‍മാന്‍ ഷീബ പുന്നന്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അംഗങ്ങള്‍, ടൂറിസം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, സിബിഎല്‍ സാങ്കേതിക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
താഴത്തങ്ങാടിയിലെ നെട്ടായത്തില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റിന് ശേഷമുള്ള വളവ് ചുണ്ടന്‍ വള്ളങ്ങള്‍ക്ക് എന്നും വെല്ലുവിളിയായിരുന്നു. ഫൈനലില്‍ തുടക്കത്തില്‍ ലീഡ് നേടുന്ന ശീലം അരോമ വിട്ടില്ല. എന്നാല്‍ താഴത്തങ്ങാടി പാലം കടന്നപ്പോള്‍ മേല്‍പ്പാടം അല്‍പം മുന്നിലെത്തി. എന്നാല്‍ അവസാന 100 മീറ്ററില്‍ അരോമ ചുണ്ടന്‍ മികച്ച തുഴവേഗത്തിലൂടെ ഒന്നാമതെത്തി. ഹീറ്റ്സ് മത്സരങ്ങളിലെ മികച്ച സമയം കണക്കിലെടുത്ത് മേല്‍പ്പാടം ചുണ്ടന്‍, അരോമ ചുണ്ടന്‍, നിരണം ചുണ്ടന്‍ എന്നിവയാണ് ഫൈനലിനെത്തിയത്. താഴത്തങ്ങാടിയിലേത് സിബിഎല്‍ വേദികളിലെ ഏറ്റവും വീതി കുറഞ്ഞ നെട്ടായമായതിനാല്‍ മത്സരം അടുത്തു കാണാന്‍ വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്.
സമാപനച്ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു സമ്മാനദാനം നിര്‍വഹിച്ചു. സി.ബി.എല്‍ മത്സരത്തില്‍ വിജയികളായ അരോമ ബോട്ട് ക്ലബ്ബിന് അഞ്ചു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് മൂന്നു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തിയ നിരണം ബോട്ട് ക്ലബിന് ഒരു ലക്ഷം രൂപയും ലഭിക്കും.




