17 April, 2023 04:49:28 PM


കിടപ്പുരോഗികളെപഞ്ചായത്തുകള്‍ അന്വേഷിച്ച് കണ്ടെത്തണം - മന്ത്രി കൃഷ്ണന്‍കുട്ടി



പാലക്കാട്: കിടപ്പുരോഗികളെയും പരിചരിക്കാന്‍ ആളില്ലാത്തവരെയും പഞ്ചായത്ത് അന്വേഷിച്ച് കണ്ടെത്തണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇത്തരക്കാര്‍ക്ക് വേണ്ട എല്ലാ സഹായവും ഒരുക്കി നല്‍കുമെന്നും നോക്കാനില്ലാത്ത ആരും പഞ്ചായത്തില്‍ ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. കിടപ്പ് രോഗികള്‍ക്ക് സൗജന്യ റേഷന്‍ വീട്ടിലെത്തിക്കുന്ന ഒപ്പം പദ്ധതി ഉദ്ഘാടനം ചിറ്റൂര്‍ താലൂക്കിലെ വടകരപ്പതി ഗ്രാമപഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 


സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ട പദ്ധതിയാണ് 'ഒപ്പം'. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ട വടകരപ്പതി പഞ്ചായത്തില്‍ 98 ശതമാനം പ്രദേശങ്ങളിലും വെള്ളം എത്തിക്കാന്‍ കഴിഞ്ഞു. ഇത് 100 ശതമാനമാക്കാനുള്ള പരിശ്രമത്തിലാണ്. കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് വേണ്ടി ആര്‍.ബി.സി കനാലിന് 35 കോടി രൂപ അനുവദിച്ചു. ഇത്തരത്തിലുള്ള പദ്ധതികളിലുടെ പഞ്ചായത്തില്‍ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


റേഷന്‍കടകളില്‍ നേരിട്ടെത്തി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കഴിയാതിരിക്കുന്ന അതിദരിദ്രരായ വാര്‍ധക്യസഹജമായ രോഗികള്‍ക്കും കിടപ്പ് രോഗികള്‍ക്കും അതത് പ്രദേശത്തെ സേവന തല്‍പരരായ ഓട്ടോ തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തി സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതാണ് ഒപ്പം പദ്ധതി.


 പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബേബി, വികസനകാര്യ സമിതി അധ്യക്ഷന്‍ കനകന്‍, മെമ്പര്‍മാരായ ശശികുമാര്‍, സാന്‍റി ആനീസ്, എസ്തര്‍ പ്രിന്‍സി, ഐശ്വര്യ, നാരായണി, ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എ.എസ് ബീന എന്നിവര്‍ സംസാരിച്ചു. 


പദ്ധതിയുമായി സഹകരിക്കുന്ന ഓട്ടോ ഡ്രൈവര്‍മാരെ പരിപാടിയില്‍ ആദരിച്ചു. വടകരപ്പതി ഗ്രാമപഞ്ചായത്തിലെ 21 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. അതിദരിദ്രരുടെ പട്ടികയിലുള്ള ഗുണഭോക്താക്കളെ റേഷനിങ് ഇന്‍സ്‌പെക്ടര്‍ വീടുകളില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് തെരഞ്ഞെടുത്തത്. പാലക്കാട് താലൂക്കില്‍ ഏപ്രില്‍ 20 നും ആലത്തൂര്‍-18, മണ്ണാര്‍ക്കാട്-19, ഒറ്റപ്പാലം-18, പട്ടാമ്പി-18 തീയതികളില്‍ ഒപ്പം പദ്ധതിയുടെ ഉദ്ഘാടനം നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K