13 April, 2023 12:00:19 PM
മാലിന്യ സംസ്‌കരണ നിയമലംഘനം: വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ
പാലക്കാട്: മാലിന്യസംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്‍റ് സ്‌ക്വാഡിന്‍റെ പരിശോധന ജില്ലയില്‍ ശക്തം. പാലക്കാട് നഗരസഭ പരിസരത്ത് പത്ത് ഇടങ്ങളില്‍ നിന്നായി 200 കിലോ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി. 70,000 രൂപ പിഴ ചുമത്തി.
സ്റ്റേഡിയം ബസ്സ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് 50 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് പിടികൂടിയത്. 10,000 രൂപ പിഴയും ചുമത്തി. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌ക്വാഡ് ജില്ലയില്‍ വ്യാപകമായി പരിശോധന നടത്തുന്നുണ്ട്.
പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ ഡ്രൈനേജുകളിലും എം.സി.എഫിലും പരിശോധന നടത്തി. ഒന്‍പത് പഞ്ചായത്തുകളില്‍ പൊതുയിടങ്ങളില്‍ മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.