06 April, 2023 01:02:35 PM


അരിക്കൊമ്പനെ പറമ്പിക്കുളത്ത് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികള്‍



പാലക്കാട്: ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്കു കൊണ്ടുവരുന്നതിൽ ജനകീയ പ്രതിഷേധം ശക്തമാകുന്നു. പറമ്പിക്കുളം വന്യജീവി സങ്കേതം അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 


തണുപ്പുള്ള മൂന്നാർ വനമേഖലയിൽ കഴിഞ്ഞ അരിക്കൊമ്പന് തേക്കിൻതോട്ടമുള്ള പറമ്പിക്കുളവുമായി ഇണങ്ങാൻ ബുദ്ധിമുട്ടായിരിക്കുമെന്നും, ഇത് ജനവാസമേഖലയിൽ നിരന്തരം അതിക്രമം ഉണ്ടാകാൻ ഇടയാക്കുമെന്നും പ്രദേശവാസികൾ പറയുന്നു.


നേരത്തെ ഹൈക്കോടതി ഉത്തരവിനെതിരെ കിഫ (കേരള ഇൻഡിപെന്‍റന്‍റ് ഫാർമേഴ്സ് അസോസിയേഷൻ) രംഗത്തെത്തിയിരുന്നു. കൊലയാളി ആനയെ കൂട്ടിലടക്കണം എന്ന് തന്നെയാണ് കിഫയുടെ നിലപാട്. അരികൊമ്പനെ ചിന്നക്കനാലിൽ നിന്നും പിടികൂടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോഴും അതിനെ പറമ്പികുളത്ത് തുറന്നു വിട്ടു അവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷിണി ഉയർത്തുന്നത് ദുഖകരമാണെന്നും കിഫ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.


ആളുകളുടെ മരണത്തിനിടയാക്കിയ അരികൊമ്പനെ കൂട്ടിലടക്കണമെന്ന കിഫയുടെ വാദം വിദഗ്ദ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോടതി സ്വീകരിച്ചില്ല. ഇത്രയും ആളുകളെ കൊലപ്പെടുത്തിയ ആനയെ കൂട്ടിലടക്കരുത് എന്ന് കണ്ടെത്തിയ വിദഗ്ദ്ധ സമിതി അംഗങ്ങൾ നിഷ്പക്ഷരാണോ എന്ന ആശങ്ക ഉണ്ട്.

മൂന്നാറിനടുത്തുള്ള തേക്കടി കടുവാ സങ്കേതത്തിലേക്ക് അരിക്കൊമ്പനെ മാറ്റുന്നതിനു പകരം പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള വിദഗ്ധ സമിതി തീരുമാനം ദുരൂഹത ഉണ്ടാക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. പറമ്പിക്കുളം മേഖലയിലെ ആനകളുമായി അരിക്കൊമ്പന്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ജനവാസ മേഖലയില്‍ ആനശല്യം വര്‍ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ജനങ്ങൾ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K