30 March, 2023 12:09:10 PM


മധു കൊല്ലപ്പെട്ട കേസില്‍ വിധി ഏപ്രില്‍ 4ന്; നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കുടുംബം



പാലക്കാട് : അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിൽ വിധി പറയുന്നത് കോടതി ഏപ്രിൽ നാലിലേക്ക് മാറ്റി വച്ച പശ്ചാത്തലത്തിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് കുടുംബം. 


മധുവിന് നീതി ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നത്. മധുവിന് നീതി ലഭിക്കാൻ വേണ്ടി അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് അധ്വാനിച്ചു, കുറേ അലഞ്ഞു, അതിനുള്ള പ്രതിഫലം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മധുവിന്‍റെ സഹോദരിയും അമ്മയും മാധ്യമങ്ങളോട് പറഞ്ഞു. കോടതി കേസ് വിധി പറയാൻ ഏപ്രിൽ നാലിലേക്ക് മാറ്റിയതിൽ വിഷമമില്ല. വിധി പറയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. 


2018 ഫെബ്രുവരി 22നാണ്  മധു  കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളാണുള്ളത്. 2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം  ആരംഭിച്ചത്. 127 സാക്ഷികളുണ്ടായിരുന്നു. അതില്‍ 24 പേർ കൂറുമാറി. പ്രതിഭാഗം എട്ട് സാക്ഷികളെയും ഹാജരാക്കി.


കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിലാണ് മധുവിന്‍റെ കുടുംബം. ‌‌അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്ന് പറഞ്ഞ് പ്രതികൾ കാട്ടിൽ കയറി മധുവിനെ പിടിച്ചു കെട്ടികൊണ്ടു വന്ന് മർദ്ദിക്കുകയായിരുന്നു. ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട  മധുവിന്‍റെ ശരീരത്തിലുണ്ടായിരുന്നത് 45ലേറെ മുറിവുകളാണ്. തലയ്ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K