24 March, 2023 01:03:49 PM


ചില്ലിചിക്കൻ കഴിച്ച് മരണം: ഭക്ഷ്യവിഷബാധയല്ല - പോസ്റ്റ്മോർട്ടം കണ്ടെത്തൽ



തൃശൂർ: ഹോട്ടലില്‍ നിന്ന്  ചില്ലി ചിക്കൻ കഴിച്ചശേഷം ഛർദിയും വയറിളക്കവും ബാധിച്ച് അവശനിലയിലായ 52-കാരൻ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക കണ്ടെത്തൽ. മരിച്ച പ്രകാശന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. അതിസാരം മൂലം നിർജലീകരണമുണ്ടായിരുന്നു. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ സാംപിൾ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.


കടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്ക് വടക്ക് പുതുവീട്ടിൽ പരേതനായ വേലായിയുടെയും മാരിയുടെയും മകൻ പ്രകാശനാണ് മരിച്ചത്. പ്രകാശൻ ചൊവ്വാഴ്ച രാത്രി അഞ്ചങ്ങാടിയിലെ ഹോട്ടലിൽനിന്ന് ചില്ലി ചിക്കൻ വാങ്ങിയിരുന്നു. ഇത് പ്രകാശനും മക്കളും  കഴിച്ചു. മാംസം കഴിക്കുന്ന ശീലമില്ലാത്തതിനാൽ ഭാര്യ കഴിച്ചിരുന്നില്ല.


പിറ്റേന്ന് ഛർദിക്കും വയറിളക്കത്തിനും  പ്രകാശനും മക്കളും താലൂക്ക് ആശുപത്രിയിലെത്തി മരുന്ന് വാങ്ങിച്ചിരുന്നു.  എന്നാല്‍ വ്യാഴാഴ്ച രാവിലെ  അവശനിലയിലായ പ്രകാശനെ താലൂക്ക് ആശുപത്രിയിലെത്തിക്കും മുൻപേ മരിക്കുകയായിരുന്നു. അബുദാബിയിൽ ജോലി ചെയ്യുകയായിരുന്ന പ്രകാശൻ രണ്ടു മാസംമുൻപാണ് അവധിക്ക് നാട്ടിലെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K