22 March, 2023 01:08:31 PM
തൃശൂർ ജില്ലാ കളക്ടറായി മുൻ ആലപ്പുഴ കളക്ടർ കൃഷ്ണ തേജ ചുമതലയേറ്റു
തൃശൂർ: തൃശൂർ ജില്ലാ കളക്ടറായി മുൻ ആലപ്പുഴ കളക്ടർ കൃഷ്ണ തേജ ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന കളക്ടർ ഹരിത വി കുമാർ അദ്ദേഹത്തെ കളക്ടറേറ്റിൽ സ്വീകരിച്ചു. മുൻപ് തൃശൂർ സബ് കളക്ടറായി പ്രവർത്തിച്ച കൃഷ്ണ തേജ, ആലപ്പുഴ കളക്ടറായിരിക്കേയാണ് ഇപ്പോൾ സ്ഥലംമാറ്റം ലഭിച്ചത്.
ആലപ്പുഴ കളക്ടറായാണ് ഹരിത വി കുമാർ പോകുന്നത്. കൃഷ്ണ തേജ ആലപ്പുഴയിൽ ചുമതല ഏറ്റെടുത്ത ശേഷം ലഭിച്ച ആദ്യ ശമ്പളം ആലപ്പുഴയിലെ പ്രമുഖ പാലിയേറ്റീവ് സംഘടനയായ സ്നേഹജാലകത്തിന് നൽകിയത് വാർത്തയായിരുന്നു. ആലപ്പുഴയിൽ സബ് കളക്ടർ ആയിരിക്കെ പ്രളയകാലത്ത് 'ഐ ആം ഫോർ ആലപ്പി' എന്ന കൂട്ടായ്മ രൂപീകരിച്ച് കുട്ടനാടൻ ജനതയ്ക്കു വേണ്ടിയടക്കം നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കോവിഡ് സമയത്ത് രക്ഷിതാക്കളെ നഷ്ടപ്പെട്ട 6 കുട്ടികൾക്ക് വീടൊരുക്കാനുള്ള കരാറിൽ ഒപ്പിട്ടിട്ടാണ് കൃഷ്ണ തേജ കളക്ടറേറ്റിൽ നിന്ന് പടിയിറങ്ങിയത്. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ 6 കുട്ടികളും പങ്കെടുത്തിരുന്നു. കരാറിൽ ഒപ്പിടുന്ന ചിത്രങ്ങൾ പങ്കുവെച്ച് കളക്ടർ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.
"ഞാനിവിടെ ആലപ്പുഴയിൽ കളക്ടറായി ചുമതല ഏറ്റെടുത്ത ഉടൻ ആദ്യമായി ഒപ്പ് വെച്ച ഉത്തരവും എന്‍റെ പ്രിയപ്പെട്ട കൊച്ചു കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നല്ലോ. ആലപ്പുഴയിൽ നിന്നും ചുമതല ഒഴിയുമ്പോൾ അവസാനമായി ചെയ്ത പ്രവൃത്തിയും എനിക്ക് ഏറെ പ്രിയപ്പെട്ട മക്കൾക്ക് വേണ്ടി തന്നെയാണ്.
വീആർ ഫോർ ആലപ്പി പദ്ധതിയിൽ ഉൾപ്പെടുത്തി മണപ്പുറം ഫൗണ്ടേഷന്‍റെ സഹായത്തോടെയാണ് ഈ ആറു മക്കൾക്കും വീട് നിർമിച്ചു നൽകുന്നത്. ആറ് മാസത്തിനുള്ളിൽ ഈ മക്കൾക്കെല്ലാം പുതിയ വീട്ടിലേക്ക് സന്തോഷത്തോടെ താമസം മാറാം. കഴിഞ്ഞ ഏഴരമാസക്കാലം നിങ്ങളെല്ലാവരും നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി" കൃഷ്ണ തേജ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
സബ് കളക്ടറായും കളക്ടറായും ആദ്യം ജോലി ചെയ്ത ആലപ്പുഴ തന്‍റെ ജന്മനാടാണെന്നായിരുന്നു സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച യോഗത്തിലെ മറുപടി പ്രസംഗത്തിൽ കളക്ടർ പറഞ്ഞത്.