21 March, 2023 03:51:40 PM
വീട്ടമ്മയെ കെട്ടിയിട്ട് 57 പവനും ഒന്നരലക്ഷം രൂപയും കവര്‍ന്ന പ്രതികൾ പിടിയിൽ
പാലക്കാട്: കല്‍മണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. പുതുനഗരം സ്വദേശികളായ തൗഫീഖ്, വിമല്‍, ബഷീറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ തൗഫീഖ് ആണ് കവര്‍ച്ചയിലെ മുഖ്യ ആസൂത്രകന്‍ എന്ന് പൊലീസ് അറിയിച്ചു.
മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചതായി പൊലീസ് കണ്ടെത്തിയ നാലുപേരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതികളിലേക്ക് അന്വേഷണം നീണ്ടത്.
കല്‍മണ്ഡപം പ്രതിഭാനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റില്‍ അന്‍സാരി മന്‍സിലിലാണ് 13ന് രാവിലെ 10.45 ന് മോഷണം നടന്നത്. എം അന്‍സാരിയുടെ ഭാര്യ ഷെഫീനയെ കെട്ടിയിട്ട് 57 പവനും ഒന്നരലക്ഷം രൂപയുമാണ് കവര്‍ന്നത്. കവര്‍ച്ചയ്ക്കുശേഷം വീട്ടിലെ തന്നെ ബൈക്കില്‍ രക്ഷപ്പെട്ട പ്രതികള്‍ വഴിയില്‍ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോയില്‍ രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷ കണ്ടെത്തുകയും പ്രതികള്‍ പിന്നീട് കാറില്‍ രക്ഷപ്പെട്ടതായും കണ്ടെത്തി. കാറിന്‍റെ ഉടമയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് പ്രതികളെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചത്.