17 March, 2023 10:42:13 AM
ഭാര്യയുടെ സംസ്കാരത്തിനെത്തിയ ബന്ധുവിന്‍റെ മകളെ പീഡിപ്പിച്ച 58 കാരന് 7 വര്‍ഷം കഠിതതടവ്
തൃശ്ശൂര്‍: ഭാര്യയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബന്ധുവിന്‍റെ മകളെ പീഡിപ്പിച്ച സംഭവത്തില്‍ 58കാരന് 7 വര്‍ഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂർ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി.എൻ വിനോദ് ശിക്ഷിച്ചത്. 2017 നവംബർ 21 നായിരുന്നു സംഭവം. ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശത്തു നിന്നെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ വീട്ടിൽ നിർത്തി പ്രതിയുടെ മകനോടൊപ്പം ഷോപ്പിങിന് പോയപ്പോഴായിരുന്നു സംഭവം.
ഭയന്നു പോയ കുട്ടി പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് വിദേശത്ത് തിരിച്ചെത്തിയപ്പോള്‍ സ്കൂളില്‍വെച്ചാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ ഇ – മെയിലൂടെ ഒല്ലൂര്‍ പോലീസിൽ വിവരം അറിയിച്ചു. ഇതോടെ പോലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു.
പരാതിയിലുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയിരുന്നു. പ്രതി കുറ്റം ചെയ്ത സാഹചര്യം വളരെ അപൂർവ്വമാണെന്നും യാതൊരു ദയയും അർഹിക്കാത്ത പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു കോടതിയോട് ആവശ്യപ്പെട്ടു. വിധി ദിവസം കോടതിയിൽ ഹാജരാക്കാൻ തയ്യാറാകാതിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കുകയായിരുന്നു.