16 March, 2023 11:03:47 AM


ചികിത്സാസഹായം തേടി വീടുകളിലെത്തി കവർച്ച നടത്തുന്ന മൂന്നംഗസംഘം പിടിയിലായി



തൃശൂർ: ചികിത്സാസഹായത്തിനെന്ന വ്യാജേന വീടുകളിലെത്തി കവർച്ച നടത്തുന്ന മൂന്നംഗസംഘം പിടിയിലായി. തൃശൂർ പുതുക്കാടിന് സമീപം മറവാഞ്ചേരിയിലാണ് സംഭവം. എടത്തുരുത്തി സ്വദേശി സായൂജ് (39), ചെമ്മപ്പിള്ളി സ്വദേശി അനീഷ് (25), കാട്ടൂര്‍ സ്വദേശി പ്രകാശന്‍ (64) എന്നിവരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് മൂന്നുപേരും.


മറവാഞ്ചേരിയില്‍ ബസിറങ്ങിയ മൂന്നുപേരും സമീപത്തെ വീട്ടില്‍ കയറി സംഘത്തിലെ ഒരാള്‍ക്ക് മാരക രോഗമാണെന്നും ചികിത്സക്ക് സാമ്പത്തിക സഹായം നൽകണമെന്ന് അഭ്യർഥിച്ചു. എന്നാൽ പണമില്ലെന്നും വീട്ടിൽ മറ്റാരുമില്ലെന്നും അവിടെ ഉണ്ടായിരുന്ന വീട്ടമ്മ പറഞ്ഞു. ഇതോടെ 50 രൂപയെങ്കിലും നൽകണമെന്നായി സംഘം. പണമെടുക്കാന്‍ അകത്തേക്ക് പോയ വീട്ടമ്മയെ ആക്രമിച്ച്‌ കവര്‍ച്ച നടത്താനായി മൂന്നുപേരും പിന്നാലെ വീടിനകത്തേക്ക് കയറാൻ ശ്രമിച്ചു. എന്നാൽ തൊട്ടടുത്ത വീട്ടിലെ ആൾ ഈ സമയം അവിടേക്ക് വന്നതോടെ സംഘത്തിന്‍റെ കവർച്ച പദ്ധതി പാളി.


ഇതോടെ അവിടെനിന്ന് റോഡിലേക്കിറങ്ങിയ സംഘത്തിലെ കാട്ടൂര്‍ സ്വദേശിയായ പ്രകാശനെ നാട്ടുകാരനായ യുവാവ് തിരിച്ചറിഞ്ഞു. ഇയാൾ സ്ഥിരം മോഷ്ടാവാണെന്ന വിവരം യുവാവ് പ്രദേശവാസികളോട് പറഞ്ഞു. തുടർന്ന് മൂന്നുപേരെയും തടഞ്ഞുവെക്കുകയും പൊലീസിനെ വിളിപ്പിച്ച് കൈമാറുകയുമായിരുന്നു.

പിടിയിലായ മൂന്നംഗസംഘത്തിലെ സായൂജ് നിരവധി സ്റ്റേഷനുകളില്‍ 20 ഓളം ക്രിമിനല്‍ കേസുകളിലും, അനീഷ് മോഷണ കേസ് ഉള്‍പ്പെടെ ആറോളം കേസുകളിലും പ്രതിയാണെന്ന് ചാലക്കുടി ഡിവൈ.എസ്.പി: സി.ആര്‍. സന്തോഷ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K