14 March, 2023 12:02:27 PM
അട്ടപ്പാടിയിൽ ആശുപത്രിയിൽ കൊണ്ടുപോകും വഴി ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. കരുവാര ആദിവാസി ഊര് നിവാസി മരുതന്‍റെ ഭാര്യ സൗമ്യയാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പിൽ പ്രസവിച്ചത്.
എട്ടു മാസം ഗർഭിണിയായ സൗമ്യക്ക് ഇന്ന് പുലർച്ചെയാണ് വേദന അനുഭവപ്പെട്ടത്. തുടർന്ന് ജീപ്പിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുമ്പോൾ വേദന കൂടി. ജീപ്പ് അട്ടപ്പാടി ചുരം പത്താം വളവിന് സമീപം എത്തിയപ്പോൾ സൗമ്യ പ്രസവിച്ചു. ഭർത്താവ് മരുതനും സൗമ്യയുടെ അമ്മയും മാത്രമാണ് ജീപ്പിൽ ഉണ്ടായിരുന്നത്.
അമ്മയേയും കുഞ്ഞിനെയും പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സൗമ്യയെ നേരത്തേയും കാണിച്ചിരുന്നത്.