13 March, 2023 04:13:14 PM
കൃഷി ഓഫീസര്‍ പ്രതിയായ കള്ളനോട്ട് കേസ്; ആസൂത്രകന്‍ പിടിയില്‍
പാലക്കാട്: കൃഷി ഓഫീസര്‍ ജിഷമോള്‍ പ്രതിയായ കള്ളനോട്ടുകേസിലെ പ്രധാന പ്രതി പൊലീസ് പിടിയില്‍. പാലക്കാട് വാളയാറില്‍ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.
പ്രതിയായ എടത്വാ കൃഷി ഓഫീസര്‍ ജിഷയ്ക്ക് കളളനോട്ടുകള്‍ നല്‍കിയത് ഇയാളാണെന്നാണ് കണ്ടെത്തല്‍. ജിഷയുടെ സുഹൃത്തും കളരിയാശാനുമായ വ്യക്തിയാണ് ഇയാളെന്നും സൂചനയുണ്ട്. പാലക്കാട് നിന്നും മറ്റൊരു കേസിലായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. പാലക്കാട്ടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇയാളെ ആലപ്പുഴയിലെത്തിച്ചു ചോദ്യം ചെയ്യാനാണ് തീരുമാനം.
ജിഷമോള്‍ അറസ്റ്റിലായതിനു പിന്നാലെ ഇയാള്‍ നാടുവിടുകയായിരുന്നു. പ്രതിക്ക് അന്താരാഷ്ട്ര കളളനോട്ടുസംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. ഇയാള്‍ കളളനോട്ടു സംഘത്തിന്‍റെ പ്രധാന ഇടനിലക്കാരനാണെന്നും സംഘത്തെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭിക്കാനാവുമെന്നും പൊലീസ് കരുതുന്നു.