11 March, 2023 12:52:06 PM
പൊലീസ് ജീപ്പില്‍നിന്ന് ചാടി ഗുരുതര പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു
തൃശൂർ: പൊലീസ് ജീപ്പില്‍നിന്ന് ചാടി ഗുരുതര പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (30) ആണു മരിച്ചത്. നഗരത്തില്‍ മദ്യലഹരിയിൽ ബഹളംവച്ച് കത്തിക്കാട്ടി ആളുകളെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഈസ്റ്റ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.
അറസ്റ്റ് രേഖപ്പെടുത്തി വിയ്യൂരിലെ ജില്ലാ പൊലീസ് കസ്റ്റഡി കേന്ദ്രത്തിലേക്കു പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ അശ്വനി ആശുപത്രി ജംഗ്ഷനിൽവച്ചു വാഹനത്തിൽനിന്നും ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ മൂന്ന് ദിവസം മുൻപാണു സനുവിനെ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇയാളെ കൊണ്ടു വന്നിരുന്ന വാഹനത്തിൽ തന്നെ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈസ്റ്റ് പൊലീസ് വലിയതുറ സ്റ്റേഷനുമായി ബന്ധപ്പെട്ട് ഇയാള്‍ നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണ്.