09 March, 2023 02:52:51 PM
'പൈറോഗ്രഫി' എന്ന കലയെ ജനകീയമാക്കിയതിന്‍റെ ആത്മ സംതൃപ്തിയില്‍ ജേക്കബ് കുര്യന്‍
- പി.എം.മുകുന്ദന്‍
തൃശൂര്‍: വരുമാനം നിലച്ച് പ്രതിസന്ധിയിലായെങ്കിലും പൈറോഗ്രഫിയെന്ന കലയെ ജനകീയമാക്കിയതിന്‍റെ ആത്മസംതൃപ്തിയിലാണ് കരുനാഗപ്പളളി സ്വദേശിയായ ജേക്കബ് കുര്യന്‍. സൗത്ത് ആഫ്രിക്കയിലെ ജോലി ഉപേക്ഷിച്ച് ജേക്കബ് കുര്യന്‍ നാട്ടിലേക്ക് തിരിക്കുമ്പോള്‍ മനസ്സില്‍ വരച്ചു ചേര്‍ത്തിരുന്നു കലയോടുളള തന്‍റെ അടങ്ങാത്ത അഭിനിവേശം.
ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജേക്കബ് കുര്യന്‍ സൗത്ത് ആഫ്രിക്കയിലെ ഹിറ്റാച്ചി കമ്പിനിയിലെ എഴുപത്തയ്യായിരം രൂപ മാസശബളം ഉപേക്ഷിച്ച് തന്‍റെ സ്വപ്നങ്ങള്‍ എത്തിപ്പിടിക്കാനായി പുറപ്പെട്ടത്. ഇന്ന് ജേക്കബ്ബിന്‍റെ പൈറോഗ്രഫി ചിത്രങ്ങള്‍ക്ക് നല്ല ഡിമാന്‍ഡാണ്. കേന്ദ്രവാസ്തു മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കരകൗശല വികസനകമ്മീഷണറുടെ കാര്യാലയത്തിന് കീഴിലുളള ഏക അംഗീകൃത പൈറോഗ്രഫി ആര്‍ട്ടിസ്റ്റാണ് ജേക്കബ്ബ്.
പൈറോഗ്രഫിയെന്നാല്‍ തീകൊണ്ടുളള വരയാണ്. ജേക്കബ്ബ് തന്‍റെ മനസ്സിലും കാഴ്ചയിലും പതിയുന്ന ദൃശ്യങ്ങള്‍ മരത്തില്‍ കോറിയിടും. ഇതിനായി വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത തടി കരിക്കുന്ന യന്ത്രം ഉപയോഗിച്ച് കുമ്പിള്‍ തടിയിലാണ് വരയ്ക്കുക. യന്ത്രത്തോട് ചേര്‍ന്നു കൈയ്യില്‍ പിടിച്ചു വരയ്ക്കാവുന്ന തരത്തില്‍ ഉപകരണങ്ങളുമുണ്ടാകും. ഇതിന്‍റെ അഗ്രം ലോഹനിര്‍മ്മിതമാണ്. യന്ത്രം പ്രവര്‍ത്തിക്കുന്നതനുസരിച്ച് ലോഹം ചൂടാകും. ഇതുപയോഗിച്ചാണ് ചിത്രം കരിയിച്ചെടുക്കുക. ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം വാട്ടര്‍ പ്രൂഫ് ചെയ്താല്‍ ആജീവനാന്ത ഗാരന്‍റിയാണെന്ന് ജേക്കബ്ബ് പറയുന്നു.
ചെറുപ്പം തൊട്ടേ ചിത്രകലയോട് ജേക്കബ്ബിന് ബന്ധമുണ്ടായിരുന്നു. സൗത്ത് ആഫ്രിക്കയില്‍ വെച്ചാണ് പൈറാഗ്രഫി ആര്‍ട്ടിനെപ്പറ്റി ജേക്കബ്ബ് അറിയുന്നത്. അങ്ങനെ ജേക്കബ്ബ് തന്‍റെ സഹപ്രവര്‍ത്തകയുടെ പിതാവില്‍ നിന്നും പൈറോഗ്രഫി പഠിച്ചെടുത്തു. ഇപ്പോള്‍ നിരവധി വ്യത്യസ്തമാര്‍ന്ന ചിത്രങ്ങള്‍ തീര്‍ക്കുകയാണ് ജേക്കബ്ബ്. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിനു സമീപം നടക്കുന്ന ക്രാഫ്റ്റ് ബസാര്‍ വിപണനമേളയില്‍ എത്തുന്ന കാണികള്‍ക്ക് ഏറെ കൗതുകമുണര്‍ത്തുകയാണ് ജേക്കബിന്‍റെ കലാവിരുതുകള്‍.
രാജസ്ഥാന്‍, മധ്യപ്രദേശ്, വെസ്റ്റ് ബംഗാള്‍, ഗുജറാത്ത്, ആസാം, തമിഴ്നാട്, പോണ്ടിച്ചേരി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള തനതുത്പന്നങ്ങളുടെ സ്റ്റാളുകളും കാണാം. കൂടാതെ ലെതര്‍, ചെമ്പ്, മുള എന്നിവ കൊണ്ടുളള ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിന്ന് വാങ്ങാം. കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെയും ഇന്ത്യന്‍ കോഫി ഹൗസ് ഭക്ഷണ സാമഗ്രികളുടെയും പവലിയനും പ്രവര്‍ത്തിക്കുന്നുണ്ട്. മേള 12 ന് സമാപിക്കും.