04 March, 2023 11:32:35 AM
തൃശൂരിലെ കാർ ഷോറൂമിൽ വൻ അഗ്നിബാധ; മൂന്ന് കാറുകൾ കത്തിനശിച്ചു
തൃശൂർ: ദേശീയപാതയിൽ കുട്ടനെല്ലൂരില്‍ പ്രവർത്തിക്കുന്ന ഹൈസണ്‍ മോട്ടോഴ്സിന്‍റെ വാഹന ഷോറൂമിൽ വൻ തീപിടിത്തം. ജീപ്പിന്‍റെ കാർ കമ്പനി ഷോറൂമാണിത്. ആദ്യം കെട്ടിടത്തിന്‍റെ പിൻഭാഗത്ത് പിടിച്ച തീ ആളിപ്പടർന്ന് ഷോറൂമിന് അകത്തേക്കും കടക്കുകയായിരുന്നു. രാവിലെ 5 മണിയോടെയാണ് അപകടം. പുതിയ വാഹനങ്ങളും സർവീസിനെത്തിച്ച വാഹനങ്ങളും ഓഫീസുമടക്കം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപ്പിടിച്ചത്. കെട്ടിടത്തിന്‍റെ മുകൾ ഭാഗത്താണ് ആദ്യം തീ പിടിച്ചത്.
പുതിയ കാറുകൾക്ക് ഉൾപ്പെടെ തീപ്പിടിച്ചു. മൂന്ന് കാറുകൾ കത്തിനശിച്ചു. ഒല്ലൂർ പുതുക്കാട് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകള്‍ ഷോറൂമിന്‍റെ ഇരുഭാഗത്തുനിന്നുമായി ഏറെ നേരം പരിശ്രമിച്ചാണ് തീയണച്ചത്. സർവീസ് സെന്ററായതുകൊണ്ട് തറയിൽ ഓയിൽ ഉണ്ടായിരുന്നതാണ് പടർന്നുപിടിക്കാൻ കാരണം. തീ നിയന്ത്രണവിധേയയെന്ന് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ അറിയിച്ചു.