01 March, 2023 10:22:03 AM


തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവാഘോഷങ്ങളിൽ ഒറ്റയ്ക്ക് എഴുന്നള്ളിക്കാൻ അനുമതി



പാലക്കാട് : ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ വ്യവസ്ഥകൾക്ക് വിധേയമായി ജില്ലയിൽ ഉത്സവാഘോഷങ്ങളിൽ ഒറ്റയ്ക്ക് എഴുന്നള്ളിക്കാൻ ജില്ലാതല നിരീക്ഷണ സമിതിയുടെ അനുമതി.


മറ്റ് ആനകൾക്കൊപ്പമോ കൂട്ടമായുള്ള എഴുന്നള്ളത്തിലോ തെച്ചിക്കോട്ട് രാമചന്ദ്രനെ പങ്കെടുപ്പിക്കരുത്. എഴുന്നള്ളത്ത് ആരംഭിച്ച് അവസാനിക്കുന്നതുവരെയുള്ള, ആനയുടെ വീഡിയോ ചിത്രീകരിച്ച് വനംവകുപ്പിന് കൈമാറണം. ജില്ലയിൽ നടക്കാനിരിക്കുന്ന വിവിധ പൂരങ്ങളിൽ തെച്ചിക്കോട്ട് രാമചന്ദ്രനെ പങ്കെടുപ്പിക്കാനുള്ള അനുമതിചോദിച്ചുള്ള അപേക്ഷകളുടെ അടിസ്ഥാനത്തിൽ സമിതി എഡിഎം കെ മണികണ്ഠന്‍റെ അധ്യക്ഷതയിൽ ചേരുകയായിരുന്നു.


കഴിഞ്ഞ ദിവസം പാടൂർ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിരണ്ടോടിയെന്ന വാർത്തകൾ നിഷേധിച്ച് ക്ഷേത്ര ഭരണ സമിതി രംഗത്ത് വന്നിരുന്നു. തെറ്റായ വാർത്തയാണ് പ്രചരിക്കുന്നത്. മറ്റൊരു ആന ഇടഞ്ഞപ്പോൾ ആളുകൾ പേടിച്ചോടുകയായിരുന്നു. ആനയുടെ മുന്നിൽ ഉണ്ടായിരുന്ന ഒന്നാം പാപ്പാൻ ആളുകൾ ചിതറി ഓടുന്നതിനിടയിൽ വീണതാണ്. ആളുകളുടെ ചവിട്ടേറ്റ പാപ്പാൻ രാമന് നിസാര പരിക്കുകളെയുള്ളൂ. കഴിഞ്ഞ ദിവസം രാത്രി തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം പാപ്പാൻ രാമനെ വിട്ടയച്ചു.


തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനയെ ഇകഴ്ത്തി കാണിക്കാൻ ബോധപൂർവമായ ശ്രമം നടക്കുകുകയാണെന്നും അതിന്‍റെ ഭാഗമാണ് വാർത്തയെന്നും ക്ഷേത്രം ഭരണ സമിതി ആരോപിച്ചു. പാടൂർ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞ് ഏറെ നേരം പരിഭ്രാന്തി പരത്തിയെന്നായിരുന്നു വാർത്ത പുറത്ത് വന്നത്. വീഡിയോയും പ്രചരിച്ചിരുന്നു. എഴുന്നള്ളത്തിന് ആനപ്പന്തലിൽ അണിനിരന്നതിനു ശേഷമായിരുന്നു സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K