25 February, 2023 11:27:09 AM
ഇതരസംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി പണം കവര്‍ച്ച; 3 പേർ അറസ്റ്റിൽ
തൃശ്ശൂര്‍: അസം സ്വദേശിയായ ഇതരസംസ്ഥാനതൊഴിലാളിയെ ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി പണം കവര്‍ന്ന കേസില്‍ മൂന്നുപേരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. കണിമംഗലം കുറുപ്പം വീട്ടില്‍ മുഹമ്മദ് യാസിന്‍ (18), ഒല്ലൂക്കര കാളത്തോട് കോക്കാക്കില്ലത്ത് മുഹമ്മദ് ബിലാല്‍ (18), ഒല്ലൂര്‍ അഞ്ചേരിച്ചിറ ഷൊര്‍ണൂക്കാരന്‍ വിജീഷ് (18) എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 8.45-നായിരുന്നു ജോലികഴിഞ്ഞ് നടന്നു പോകുകയായിരുന്ന അസം സ്വദേശിയെ കൂര്‍ക്കഞ്ചേരി സോമില്‍ റോഡ് പരിസരത്തുവെച്ച് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. പണമില്ലെന്ന് പറഞ്ഞപ്പോള്‍ പ്രതികളുടെ മൊബൈല്‍ഫോണ്‍ നമ്പറിലേക്ക് ആദ്യം 300 രൂപ അയയ്ക്കാന്‍ പറഞ്ഞു. ഇതോടെ അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടെന്ന് മനസ്സിലാക്കി. തുടര്‍ന്ന് മൊബൈല്‍ഫോണ്‍ തട്ടിപ്പറിച്ച് ഭീഷണിപ്പെടുത്തി പിന്‍ നമ്പര്‍ വാങ്ങി അക്കൗണ്ടിലെ 12,000 രൂപ ഗൂഗിള്‍ പേ വഴി പ്രതികളില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് മാറ്റിയശേഷം രക്ഷപ്പെടുകയായിരുന്നു.
വ്യാഴാഴ്ച അസം സ്വദേശി ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ സി.എസ്. നെല്‍സണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.എം. ജോമോന്‍, സൈബര്‍സെല്‍ സി.പി.ഒ. ശരത് കെ.എസ്. എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് .