22 February, 2023 11:35:05 AM
തൃശൂർ മൃഗശാലയ്ക്കു സമീപം കാറിൽ നിന്ന് ആഭരണം മോഷ്ടിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
തൃശൂർ: മൃഗശാലയ്ക്കു സമീപം പാർക് ചെയ്തിരുന്ന കാറിൽ നിന്ന് ആറു പവന്റെ ആഭരണം മോഷ്ടിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. കുന്നംകുളം പന്നിത്തടം സ്വദേശി റഷീദ് ആണ് അറസ്റ്റിലായത്. ചീട്ടു കളിച്ചുണ്ടാക്കിയ കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറുടെ മൊഴി.
ഈ മാസം അഞ്ചിന് തൃശൂര്‍ മൃഗശാല കണ്ട് മടങ്ങിയ മലപ്പുറം തിരൂര്‍ സ്വദേശികളുടെ കാറില്‍ നിന്നാണ് ആറുപവന്‍ മോഷണം പോയത്. കുട്ടിയുടെ ആഭരണങ്ങളായിരുന്നു നഷ്ടപ്പെട്ടത്. എന്നാൽ ബാഗ് പരിശോധിക്കാത്തതിനാല്‍ മോഷണം അറിയാന്‍ വൈകി. 19ന് അന്വേഷിച്ചപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടതറിയുന്നത്. വൈകാതെ ഈസ്റ്റ് പൊലീസില്‍ പരാതിയും നല്‍കി.
ഇതിനെ തുടർന്ന് പ്രദേശത്തെ സിസിടിവി പരിശോധിച്ച പൊലീസ് സംഘത്തിന് കാവി മുണ്ടുടുത്ത ഒരാള്‍ സ്വര്‍ണ ആഭരണങ്ങളെടുത്ത് ഓട്ടോയില്‍ കയറിപ്പോകുന്ന ദൃശ്യങ്ങള്‍ കിട്ടി. സൂം ചെയ്ത് നോക്കിയപ്പോൾ എ ഇസഡ് സണ്‍സ് എന്ന സ്റ്റിക്കര്‍ തിരിച്ചറിഞ്ഞു. മുടിക്കോട് സ്വദേശിക്ക് ഈ പേര് പതിച്ച പത്ത് ഓട്ടോ ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് ആ വഴിക്ക് നീങ്ങി. ഉടമയെ ബന്ധപ്പെട്ടപ്പോള്‍ ഡ്രൈവര്‍മാരില്‍ ആറുപേര്‍ പാന്‍റിടുന്നവരും നാലുപേര്‍ മുണ്ടുടുക്കുന്നവരുമാണെന്ന മൊഴി കിട്ടി. ഇതോടെ ഓട്ടോ ഡ്രൈവര്‍ പിടിയിലാവുകയായിരുന്നു.