05 January, 2023 07:43:06 PM
അന്താരാഷ്ട്ര ഫോക് ലോർ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു; സിനിമകള്‍ 14 വരെ ഓണ്‍ലൈനില്‍
തൃശൂര്‍: തൃശൂരിൽ നടന്നുകൊണ്ടിരുന്ന അന്താരാഷ്ട്ര ഫോക് ലോർ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. സെന്‍റ് തോമസ് കോളേജിലെ വിവിധ സ്ക്രീനുകളിൽ നടന്നിരുന്ന ഓഫ് ലൈൻ സ്ക്രീനിങ്ങാണ് അവസാനിച്ചത്. അഞ്ചാം തിയതി മുതൽ പതിനാലാം തീയതി വരെ ഓൺ ലൈനായി സിനിമ കാണാനുളള സൗകര്യമൊരുക്കിയിട്ടുണ്ട്.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി. കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. എഴുപത്തിരണ്ടോളം രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം സിനിമകൾ വന്നപ്പോൾ വിവിധ സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും കേന്ദ്രമായ കേരളത്തിൽ നിന്ന് വിരലിലെണ്ണാവുന്ന സിനിമകളേ ഉണ്ടായിരുന്നുള്ളൂ എന്നത് ചിന്തിക്കേണ്ട വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈൻ സ്ക്രീനിങ്ങിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ഫെസ്റ്റിവൽ ഡയറക്ടർ ശീതൾ വി.എസ് അഞ്ചു ദിവസം നീണ്ടുനിന്ന ഫെസ്റ്റിവലിനെക്കുറിച്ചും ഇത്തരം ഫെസ്റ്റിവലുകളിൽ പുതിയ തലമുറയുടെ അഭാവത്തെക്കുറിച്ചും സംസാരിച്ചു. ഐ. എഫ് എഫ് പ്രസിഡന്റ് ചെറിയാൻ ജോസഫ് ഇത്തരം ഫെസ്റ്റിവലുകൾ വിപുലമായി നടത്തേണ്ടതിനെക്കുറിച്ചും വരും വർഷങ്ങളിൽ അതിനാവശ്യമായ സഹായങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതിനെക്കുറിച്ചും പറഞ്ഞു.
ഐ.എഫ്. എഫ് എഫ് സെക്രട്ടറി വി. ആർ സോമസുന്ദരം, സെന്റർ ഫോർ മീഡിയ സ്റ്റഡീസ് ഡയറക്ടർ ഡോ. ബിജു സി. എസ് , ഐ. എഫ്. എഫ് എഫ് ട്രഷറർ എ. രാധാകൃഷ്ണൻ , എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ റ്റി.കെ നാരായണൻ എന്നിവർ സംസാരിച്ചു. ആറങ്ങോട്ടുകര വയലി നാടൻ പാട്ടു സംഘത്തിന്‍റെ അവതരണത്തോടെ സമാപന സമ്മേളനം അവസാനിച്ചു.
അന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുന്ന വള്ളുവനാടൻ കലാരൂപമായ നായാടിക്കളിപ്പാട്ടാണ് സംഘം അവതരിപ്പിച്ചത്.