02 January, 2023 09:13:05 PM
എക്സ്റേ എടുക്കാനെത്തിയ വയോധികയുടെ മാല ഊരിവാങ്ങി മുങ്ങിയ യുവതി പിടിയിൽ
തൃശൂര്‍: ചികിത്സയ്‌ക്കെത്തിയ വയോധികയെ ആശുപത്രി ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ യുവതി പിടിയിൽ. കനകമല സ്വദേശിനിയും മുംബെയില്‍ താമസക്കാരിയുമായ മടത്തിക്കാടന്‍ വീട്ടില്‍ ഷീബ എന്ന ശില്‍പയെയാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്.
2022 ഡിസംബർ ഇരുപത്തിനാലിന് ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മുരിങ്ങൂര്‍ സ്വദേശിയായ വയോധിക എക്സ്റേ എടുക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് നടന്നത്. എക്സ്റേ റൂമിന് സമീപത്തുവെച്ച് ആശുപത്രി ജീവനക്കാരിയെന്ന് പരിചയപ്പെടുത്തിയാണ് ഷീബ അടുത്തുകൂടിയത്. എക്സ്റേ എടുക്കുമ്പോൾ ആഭരണങ്ങൾ ധരിക്കാൻ പാടില്ലെന്ന് പറഞ്ഞു അഞ്ചു പവന്‍റെ മാല ഊരി വാങ്ങുകയായിരുന്നു.
അൽപ്പനേരം കാത്തിരിക്കാൻ ആവശ്യപ്പെട്ടിട്ട് ഷീബ തന്ത്രപൂർവ്വം അവിടെനിന്ന് കടന്നുകളയുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും യുവതിയെ കാണാതായതോടെയാണ് വയോധികയ്ക്ക് സംശയം തോന്നുകയും ആശുപത്രി ജീവനക്കാരോട് വിവരം പറയുകയുമായിരുന്നു. അപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് വയോധികയ്ക്ക് മനസിലായത്.
സംഭവം ഉടൻതന്നെ ചാലക്കുടി പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചെങ്കിലും അവ്യക്തമായതിനാൽ യുവതിയെ തിരിച്ചറിയാനായില്ല. തുടർന്ന് യുവതിയെ കണ്ടെത്താനായി പൊലീസ് പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് മറ്റൊരു വയോധികയിൽനിന്ന് സ്വർണാഭരണം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ഷീബ പിടിയിലാകുകയായിരുന്നു.
നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ മോഷണം നടത്തിയ വിവരം യുവതി സമ്മതിക്കുകയായിരുന്നു. ഇതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.