11 December, 2022 02:23:01 AM
ഐഎഎസ് പരീക്ഷയില്‍ മൂന്ന് തവണ തോറ്റ കഥ പറഞ്ഞ് കുട്ടികളെ കയ്യിലെടുത്ത് കൃഷ്ണ തേജ
തൃശൂര്‍: വെല്ലുവിളികളേയും തുടര്‍ച്ചയായ പരാജയങ്ങളേയും കഠിന പരിശ്രമങ്ങളിലൂടെ മറികടന്ന സ്വന്തം ജീവിത കഥ പറഞ്ഞ് വിദ്യാര്‍ത്ഥികളെ കയ്യിലെടുത്ത് ആലപ്പുഴ ജില്ലാ കലക്ടര്‍ എം കൃഷ്ണതേജ. വലപ്പാട് മണപ്പുറം ഫിനാന്‍സ് ആസ്ഥാനത്ത് സരോജിനി പത്മനാഭന്‍ മെമ്മോറിയല്‍ വിമണ്‍സ് ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ മാ അക്കാദമിയില്‍ വിവിധ മത്സര പരീക്ഷകള്‍ക്കായി തയാറെടുക്കുന്ന വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോഴാണ് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ കലക്ടര്‍ സ്വന്തം കഥ പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കിയത്.
പരാജയങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താന്‍ നമ്മുടെ തന്നെ ഉള്ളിലേക്കാണ് നോക്കേണ്ടതെന്നും പുറത്തു നിന്ന് കാരണം കണ്ടെത്താന്‍ ശ്രമിച്ചാല്‍ മുന്നോട്ടുള്ള വഴി എളുപ്പമാകില്ലെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. സ്‌കൂളില്‍ വെറുമൊരു ശരാശരി വിദ്യാര്‍ത്ഥി മാത്രമായിരുന്ന തനിക്ക് കുടുംബത്തിലുണ്ടായ വലിയൊരു സാമ്പത്തിക പ്രതിസന്ധിയാണ് വിദ്യാഭ്യാസത്തിന്റെ മൂല്യം തിരിച്ചറിയാന്‍ സഹായകമായത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാട്ടിലെ ഒരു ഷോപ്പില്‍ ജോലി ചെയ്തപ്പോഴായിരുന്നു ഇത്. അന്നു മുതല്‍ നന്നായി പഠിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഈ ശ്രമം പത്താം ക്ലാസിലും ഹയര്‍ സെക്കണ്ടറിയിലും എഞ്ചിനീയറിങ് ബിരുദ പഠനത്തിലും തിളക്കമാര്‍ന്ന ഉന്നത വിജയം നേടാന്‍ സഹായിച്ചു.
ഉയര്‍ന്ന ശമ്പളമുണ്ടായിരുന്ന സ്വകാര്യ കമ്പനി ജോലി വിട്ട് ഐഎഎസ് എടുക്കാന്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയപ്പോള്‍ തുടര്‍ച്ചയായി മൂന്ന് തവണയാണ് പരാജയപ്പെട്ടത്. കാരണം കണ്ടെത്താന്‍ കഴിയാതെ ശ്രമം ഉപേക്ഷിച്ചപ്പോള്‍ സുഹൃത്തുക്കളല്ലാത്തവരാണ് തന്റെ പോരായ്മകളെ തിരിച്ചറിയാന്‍ സഹായിച്ചത്. ഒരു വിഷയം കഥ പോലെ മികച്ച രീതിയില്‍ അവതരിപ്പിക്കാനുള്ള കഴിവില്ലായ്മ, മോശം കൈയെഴുത്ത്, കാര്യങ്ങള്‍ നയതന്ത്രപരമായി അവതരിപ്പിക്കാന്‍ കഴിയാത്തത് എന്നീ പോരായ്മകളാണ് അവര്‍ മനസ്സിലാക്കി തന്നത്. ഇതു തിരിച്ചറിഞ്ഞ് ഒരു വര്‍ഷത്തെ പരിശ്രമത്തിലൂടെ ഈ മൂന്ന് കഴിവുകളും ആര്‍ജ്ജിച്ചെടുത്ത് പരീക്ഷ വീണ്ടും എഴുതിയപ്പോള്‍ വലിയ വിജയം നേടിയ അനുഭവവും കൃഷ്ണ തേജ കുട്ടികളുമായി പങ്കുവച്ചു.
മണപ്പുറം ഫിനാന്‍സ് എംഡി വി പി നന്ദകുമാര്‍ അധ്യക്ഷ പ്രഭാഷണം നടത്തി. സരോജിനി പത്മനാഭന്‍ മെമ്മോറിയല്‍ വിമണ്‍സ് ക്ലബ് പ്രസിഡന്റ് സൂര്യ പ്രഭ, ഡോ. സുമിത നന്ദന്‍, ആശീവാര്‍ദ് മൈക്രോഫിനാന്‍സ് എംഡി ഇ എന്‍ രവീന്ദ്ര ബാബു എന്നിവര്‍ സംസാരിച്ചു.