09 December, 2022 03:26:12 PM
ഇലന്തൂരില്‍ നരബലിക്കിരയായ റോസിലിന്‍റെ മകളുടെ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: ഇലന്തൂരില്‍ നരബലിക്കിരയായ റോസിലിന്‍റെ മകളുടെ ഭര്‍ത്താവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കാഞ്ചേരി എങ്കക്കാട് നമ്പീശന്‍ റോഡിലെ വാടകവീട്ടിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഭാര്യ മഞ്ജു വര്‍ഗീസ് മകനൊപ്പം എറണാകുളത്തുള്ള വീട്ടില്‍ പോയ സമയത്താണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസമായി ബിജു വീട്ടില്‍ തനിച്ചായിരുന്നു താമസം. നരബലിക്ക് ഇരയായ റോസ്ലിന്‍റെ മൃതദേഹം മൂന്ന് ദിവസം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്.
മക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം വടക്കാഞ്ചേരിയിലെ വാടകവീട്ടില്‍ എത്തിച്ചശേഷമാണ് സംസ്ക്കരിച്ചത്. അതിന് പിന്നാലെയാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രസ് വര്‍ക്ക് തൊഴിലാളിയായ ബിജുവും ഭാര്യയും കുറച്ചുകാലം മുമ്പാണ് വടക്കാഞ്ചേരിയില്‍ വാടക വീടെടുത്ത് താസമം തുടങ്ങിയത്.
വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.