26 November, 2022 01:19:11 PM


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ആന ഇടഞ്ഞു; പാപ്പാൻ അത്ഭുതകരമായി രക്ഷപ്പെട്ടു



തൃശൂര്‍: ഗുരുവായൂര്‍ ക്ഷത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ആന ഇടഞ്ഞു. ദാമോദര്‍ദാസ് എന്ന കൊമ്പനാണ് ഇടഞ്ഞത്. ശീവേലിക്ക് എത്തിച്ചപ്പോള്‍ ആനയുടെ പശ്ചാത്തലത്തില്‍ ദൃശ്യമെടുക്കാന്‍ വിവാഹസംഘം ശ്രമിച്ച സമയത്തായിരുന്നു സംഭവം.  ചടങ്ങുകള്‍ക്ക് ശേഷം മടങ്ങുമ്പോഴാണ് കൊമ്പന്‍ ഇടഞ്ഞത്. രണ്ടാം പാപ്പാന്‍ രാധാകൃഷ്ണന്‍ അത്ഭുതകരമായാണ് ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ പത്താം തീയതി വിവാഹസംഘം പകര്‍ത്തിയ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ആന പെട്ടന്നു തന്നെ അക്രമാസക്തനാകുകയായിരുന്നു. ശാന്തനായി നടന്നു വന്ന ആന പെട്ടന്ന് പ്രകോപിതനായി വലത്തോട്ട് തിരിഞ്ഞ് രണ്ടാം പാപ്പാന്‍റെ കാലില്‍ പിടിച്ച് ചുഴറ്റിയെടുക്കുകയായിരുന്നു. എന്നാല്‍ തുമ്പിക്കൈയില്‍ നിന്നും വഴുതി വീണ പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നാലെ ശാന്തനായ ആനയെ പെട്ടന്നു തന്നെ തളയ്ക്കുകയായിരുന്നു. 1999ല്‍ മേല്‍ശാന്തി കക്കാട് ഇല്ലത്ത് ദേവദാസ് നമ്പൂതിരിയാണ് 4 വയസുള്ള ആനയെ നടയിരുത്തിയത്. ഇപ്പോള്‍ ഗുരുവായൂര്‍ ആനക്കോട്ടയിലെ തലയെടുപ്പുള്ള കൊമ്പന്‍മാരില്‍ ഒരാളാണ് ദാമോദര്‍ ദാസ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K