19 November, 2022 08:19:15 AM
സ്വിഫ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി 15 പേർക്ക് പരുക്ക്; അപകടം തൃശൂർ പട്ടിക്കാട്
തൃശൂർ: ദേശീയപാതയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ടു ഡിവൈഡറിലിടിച്ച് അപകടം. 15 പേർക്കു പരുക്ക്. രാത്രി 12.30 നു പട്ടിക്കാട് സെന്ററിലെ അടിപ്പാതയ്ക്കു മുകളിലെ മേൽപാത അവസാനിക്കുന്ന ഭാഗത്തായിരുന്നു അപകടം. കൊല്ലത്തു നിന്നു പഴനിയിലേക്കു പോയ ബസ് നിയന്ത്രണം വിട്ട് 6 വരി പാതയുടെ നടുവിലെ ഡിവൈഡറിലും വിളക്കുകാലിലും ഇടിച്ച ശേഷം തൃശൂർ ഭാഗത്തേക്കുള്ള റോഡിലെത്തിയാണു നിന്നത്.
ഡിവൈഡറും വിളക്കു കാലും തകർന്നു. ബസിൽ പൂർണമായും യാത്രക്കാർ ഉണ്ടായിരുന്നു. മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റവരെ ജനറൽ ആശുപത്രിയിലെത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. പീച്ചി പൊലീസും കരാർ കമ്പനിയുടെ റിക്കവറി യൂണിറ്റും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.