01 November, 2022 10:30:12 PM


വീട് ജപ്തി: പെരുവഴിയിലായ ഓമനയ്ക്ക് ഒടുവിൽ ആശ്വാസം; വീടിന്‍റെ താക്കോൽ തിരികെ നൽകി



തൃശൂര്‍: വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായ തൃശൂർ മുണ്ടൂരിലെ ഓമനക്കും കുടുംബത്തിനും ഒടുവിൽ ആശ്വാസം. കോടതി ഉത്തരവിനെ തുടർന്ന് പൂട്ടി സീൽ ചെയ്ത വീടിന്‍റെ താക്കോൽ തിരികെ നൽകി. സർക്കാർ റിസ്‌ക് ഫണ്ടിൽ നിന്നും എഴുപത്തി അയ്യായിരം രൂപ കുടുംബത്തിന് നൽകും. ബാക്കി കുടിശ്ശിക അടയ്ക്കാൻ സാവകാശവും നൽകാനും തീരുമാനമായി. 

ഒന്നര ലക്ഷം രൂപ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ പലിശയും പിഴ പലിശയും ചേർത്ത് ബാങ്കിന് ഓമന നൽകാനുണ്ടായിരുന്നത് മൂന്ന് ലക്ഷത്തിലധികം രൂപ. ഇതോടെയാണ് ഇന്നലെ വൈകീട്ട് മൂന്ന് മണിക്ക് വീട്ടിൽ ആരുമില്ലാതിരുന്നപ്പോൾ കോടതി ഉത്തരവുമായി വന്ന ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്ത് സീൽ വച്ചത്. വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സഹകരണ ജോയിന്റ് രജിസ്ട്രാർ നേരിട്ടെത്തി കുടിയൊഴിപ്പിക്കില്ലെന്ന ഉറപ്പു നൽകിയത്

സഹകരണ വകുപ്പ് മന്ത്രിയുടേയും സ്ഥലം എംഎൽഎയുടേയും ഇടപെടലിൽ ലഭിച്ച ആശ്വാസം സ്വാഗതംചെയ്ത ഓമന ജോലി ചെയ്ത് പണം തിരിച്ചടയ്ക്കുമെന്നും പ്രതികരിച്ചു. കോടതി ഉത്തരവ് പ്രകാരം വീട് സീൽ ചെയ്തതിനാൽ കോടതിയുടെ അനുമതിയോടെയാണ് താക്കോൽ കുടുബത്തിന് തിരികെ നൽകിയത്. സർക്കാരിന്റെ റിസ്‌ക് ഫണ്ടിൽ നിന്ന് പ്രത്യേക അനുമതിയോടെ 75000 രൂപയും ഓമനയ്ക്കും കുടുബത്തിനും നൽകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K