11 September, 2022 11:18:21 PM
ഓരോ തിരമാലയ്ക്കുമൊപ്പം നൂറുകണക്കിന് മത്തി; വാടാനപ്പള്ളി കടപ്പുറത്ത് ചാകര
തൃശൂർ: ഏറെ കാലത്തിന് ശേഷം മത്തി അഥവാ ചാള ചാകര ലഭിച്ചിരിക്കുകയാണ് തൃശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ. പൊക്കാഞ്ചേരി ബീച്ചില്‍ ഇന്ന് രാവിലെ ആറോടെയാണ് കരയിലേക്ക് വന്‍തോതില്‍ മത്തിക്കൂട്ടം തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഓരോ തിരമാലയ്ക്കുമൊപ്പം വൻതോതിൽ മത്തിക്കൂട്ടം കരയിലേക്ക് അടിച്ചുകയറി.
രാവിലെ കടപ്പുറത്തെത്തിയവർ ചാകര ശ്രദ്ധയില്‍പ്പെട്ടതോടെ മൽസ്യം വാരിയെടുക്കാൻ തുടങ്ങി. ഇവർ നാട്ടിലുള്ള മറ്റുള്ളവരെ വിവരം അറിയിച്ചതോടെ കൂടുതൽ പേർ സ്ഥലത്തെത്തി മത്സ്യം ശേഖരിച്ചു. തിരമാലയോടൊപ്പം തീരത്തേക്ക് മത്സ്യങ്ങള്‍ അടിച്ചുകയറുന്നത് മണിക്കൂറുകളോളം തുടർന്നു. നിരവധിയാളുകള്‍ ഇന്ന് ഉച്ചയ്ക്കും മീൻ വാരിയെടുക്കാനായി കടപ്പുറത്തെത്തിയിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കാണാതായ നെയ്മത്തി ഇപ്പോൾ കേരള തീരത്ത് കൂടുതലായി ലഭിക്കുന്നുണ്ട്. വിഴിഞ്ഞം, നീണ്ടകര, പുറക്കാട്, കൊച്ചി, പൊന്നാനി, ചാലിയം, ബേപ്പൂർ എന്നിവിടങ്ങളിലെല്ലാം സുലഭമായി നെയ്മത്തി ലഭിക്കുന്നുണ്ട്. അതിനിടെയാണ് വാടാനപ്പള്ളി കടപ്പുറത്ത് മത്തി ചാകര ഉണ്ടായത്.