07 September, 2022 04:04:13 PM


നടുറോഡില്‍ കസേരകളി, വടംവലി; പൊലീസിന്‍റെ ഓണാഘോഷം വിവാദത്തില്‍



തൃശൂര്‍: നടുറോഡില്‍ ഓണം ആഘോഷിച്ച് തൃശൂര്‍ വടക്കേക്കാട് പൊലീസ്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡിലായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനു മുന്നിലെ റോഡില്‍ കസേരകളിയും വടംവലിയും നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അതേസമയം, തിരക്കുള്ള റോഡ് ആയിരുന്നില്ലെന്നാണ് മേലുദ്യോഗസ്ഥരുടെ വിശദീകരണം. ഗുരുവായൂര്‍ - പൊന്നാനി സംസ്ഥാനപാതയ്ക്ക് സമാന്തര പാതയാണിത്. വടക്കേക്കാട് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ വാട്‌സാപ് സ്റ്റാറ്റസിലാണ് ദൃശ്യങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.

സംഭവം വിവാദമായതിന് പിന്നാലെ ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയതിന് കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികള്‍ നേരെ കഴിഞ്ഞദിവസം പൊലീസ് ലാത്തി വീശിയിരുന്നു. സംഭവത്തില്‍ അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇത് വാര്‍ത്തയായതിന് പിന്നാലെയായാണ് തൃശൂരിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഓണാഘോഷത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. പരിപാടി നടക്കുമ്പോള്‍ വാഹനങ്ങള്‍ പോയിരുന്നില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K