02 August, 2022 10:09:05 AM


ഒഴുക്കില്‍പെട്ട കാട്ടാന തുരുത്തിൽ കുടുങ്ങി; പുഴയിലൂടെ ഒഴുകിയത് മൂന്ന് കിലോമീറ്റർ



ചാലക്കുടി: അതിരപ്പള്ളിയിലേക്ക് പോകുന്ന പിള്ളപ്പാറ മേഖലയിൽ കാട്ടാന ഒഴുക്കിൽപെട്ടു. ചൊവ്വാഴ്ച്ച രാവിലെയാണ് കാടിറങ്ങിയ കാട്ടാന ഒഴുക്കിൽപ്പെട്ടത്. പുലർച്ചേ 6 മണിയോടെ നാട്ടുകാരാണ് ഒഴുക്കിൽപ്പെട്ട ആനയെ കാണുന്നത്. ആന തനിയെ നീന്തി രക്ഷപെടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അഞ്ചുമണിക്കൂറോളം കുത്തിയൊഴുകുന്ന വെള്ളത്തിൽ പിടിച്ചുനിന്നാണ് കരയ്ക്ക് കയറാനായത്. 


രാവിലെ 10.30 ഓടെയാണ് ആന മറുകരയിലേക്ക് കയറിപ്പോയത്. പാറകളിലും മറ്റും തട്ടി ആനയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പുലർച്ചെ മുതൽ ആന വെള്ളത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കനത്ത ഒഴുക്കായതിനാൽ ആനയെ രക്ഷപ്പെടുത്താൻ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്‌സുമെല്ലാം സ്ഥലത്ത് എത്തിയിരുന്നെങ്കിലും രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. തുടർന്നാണ് ആന സ്വയം കരയ്ക്ക് കയറിപ്പോയത്.


ചാലക്കുടി മേഖലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പുഴയ്ക്ക് സമീപം താമസിക്കുന്നവരോട് മാറിത്താമസിക്കാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. മുരിങ്ങൂർ ഡിവൈൻ കോളനി, പരിയാരം എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K