01 June, 2022 11:57:56 AM


ഗുരുവായൂരില്‍ സ്വര്‍ണവ്യാപാരിയുടെ വീട് കുത്തിപൊളിച്ച് കവര്‍ച്ച: രണ്ട് പേര്‍ കൂടി അറസ്റ്റില്‍



ഗുരുവായൂര്‍: പ്രവാസി സ്വര്‍ണവ്യാപാരിയുടെ വീട് കുത്തിപൊളിച്ച് ഒന്നരക്കോടി രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി ട്രിച്ചി സ്വദേശി ധര്‍മ്മരാജിന്റെ സഹോദരന്‍ ചിന്നരാജ് എന്ന ചിന്നന്‍, ഇവരുടെ മാതാവിന്റെ സഹോദരി പുത്രന്‍ കുട്ടന്‍ എന്ന രാജു എന്നിവരെയാണ് ഗുരുവായൂര്‍. എ.സി.പി കെ.ജി.സുരേഷ്, ഗുരുവായൂര്‍ എ്.എച്ച്.ഒ പി.കെ.മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 


മോഷ്ടിച്ച സ്വര്‍ണം വില്‍പ്പന നടത്താന്‍ സഹായിച്ചതിനാണ് പോലീസ് ഇവരെ കേസില്‍ പ്രതി ചേര്‍ത്തത്. കേസിലെ രണ്ടാം പ്രതിയായ ചിന്നന്‍ 2012ല്‍ പെരുമ്പാവൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ടാക്‌സി ഡ്രൈവറെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ മൂന്ന് വര്‍ഷം ജുവൈനല്‍ ഹോമിലെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ മോഷണ കേസിലും പ്രതിയാണിയാള്‍. 


ധര്‍മ്മരാജ് മോഷ്ടിച്ച് കൊണ്ടു വരുന്ന സ്വര്‍ണം സ്ഥിരമായി വില്‍പ്പന നടത്താന്‍ സഹായിച്ചിരുന്നത് ചിന്നനാണെന്നും പോലീസ് പറഞ്ഞു. മൂന്നാം പ്രതി രാജു മഞ്ചേരി സ്റ്റേഷനിലെ പോക്‌സോ കേസിലെ പ്രതിയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ധര്‍മ്മരാജില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എടപ്പാളില്‍ നിന്നാണ് പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. 


കഴിഞ്ഞ 12നാണ് തമ്പുരാന്‍പടി കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ തൃശൂരില്‍ സിനിമക്ക് പോയ തക്കം നോക്കിയാണ് വീടിന്റെ വാതില്‍ കുത്തിപൊളിച്ച് അകത്ത് കടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നത്. മോഷണത്തിന് ശേഷം കുടുംബവുമൊത്ത് സംസ്ഥാനം വിട്ട പ്രതിയെ മെയ് 29ന് രാത്രി ചണ്ഡിഗഡില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K