28 May, 2022 04:04:55 PM
ആക്രി കച്ചവടത്തിനായി എത്തി: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തി; പ്രതി പിടിയില്‍
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തിയ പ്രതി പൊലീസ് പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശി ജഹറുല്‍ ഷെയ്ക്കാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍ ബൈപാസിലെ പടാകുളം സിഗ്നലിന് സമീപം തോട്ടത്തില്‍ ആശ നാരായണന്‍ കുട്ടിയുടെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്. വീടിന്റെ പുറകുവശത്തെ വാതില്‍ കുത്തി പൊളിച്ച് എല്‍ ഇ ഡി ടി വി, പൂജാ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഉരുളികള്‍, വിളക്കുകള്‍, കിണ്ടി, കുടങ്ങള്‍ തുടങ്ങിയവയാണ് കവര്‍ച്ച ചെയ്തത്.
മോഷ്ടിച്ച സാധനങ്ങള്‍ വിൽക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ തടഞ്ഞു വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ജഹറുല്‍ ഷെയ്ക്കിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മോഷണ വിവരം പുറത്തായത്. പ്രതി കൊടുങ്ങല്ലൂരില്‍ ആക്രി കച്ചവടത്തിനായി എത്തിയതാണ്. കൊടുങ്ങല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.