22 May, 2022 07:15:26 PM
പേരോ വിലാസമോ അറിയില്ല; ക്ഷേത്രനടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വയോധിക
തൃശൂര്‍: തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ ഉപേക്ഷിച്ച നിലയില്‍ വയോധികയെ കണ്ടെത്തി. ശനിയാഴ്ച രാവിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയിരുന്ന ഒരു ഭക്തനാണ് വയോധികയെ ക്ഷേത്രത്തിനകത്ത് എത്തിച്ചത്. തീരെ നടക്കാനാകാത്ത ഇവര്‍ ഒറ്റയ്ക്കുവരാന്‍ സാധ്യതയില്ല. പേരോ വിലാസമോ പറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇവര്‍.
ആരോ ഇവരെ ഉപേക്ഷിച്ചു പോയതാണെന്നാണ് സംശയം. ഭക്ഷണം വേണോയെന്ന് ചോദിച്ചപ്പോള്‍, തലയാട്ടി വേണമെന്നു പറഞ്ഞു. വാങ്ങിനല്‍കിയ ഭക്ഷണം കഴിക്കാനും വളരെ പ്രയാസപ്പെട്ടു. കൈയിലുള്ള ബാഗില്‍ കുറച്ച് പണമുണ്ടെങ്കിലും ഇവരെ തിരിച്ചറിയാനുതകുന്ന മറ്റൊന്നും ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിലെത്തിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാര്‍ വിവരം പോലീസിനെയും വില്ലേജ് അധികൃതരെയും അറിയിച്ചു.
വലപ്പാട് പോലീസെത്തി പേരും നാടും അറിയാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാനോ എഴുതുവാനോ സാധിക്കാത്ത നിലയിലായിരുന്നു. ഇവരുടെ ബന്ധുക്കളെ കണ്ടെത്താന്‍ വലപ്പാട് പോലീസ് മറ്റ് പോലീസ് സ്റ്റേഷനുകളിലേക്ക് ചിത്രമയച്ചെങ്കിലും സൂചന ലഭിച്ചില്ല. പൊലീസ് ആവശ്യപ്പെട്ട പ്രകാരം കൊടുങ്ങല്ലൂര്‍ ദയ അഗതിമന്ദിരം ഭാരവാഹികള്‍ വയോധികയ്ക്ക് സംരക്ഷണം ഒരുക്കാന്‍ തയ്യാറായി. വലപ്പാട് സി.പി. ട്രസ്റ്റ് സൗജന്യമായി വിട്ടുനല്‍കിയ ആംബുലന്‍സില്‍ ഇവരെ ദയയിലേക്ക് മാറ്റി.