19 May, 2022 07:57:00 AM


വ്യാജ ഹാർപിക് വ്യാപകം; കുന്നംകുളത്ത് 7 ലക്ഷം രൂപയുടെ ഉൽപന്നം പിടികൂടി



തൃശൂർ: കുന്നംകുളത്ത് എത്തിച്ച 7 ലക്ഷം രൂപയുടെ വ്യാജ ഹാർപ്പിക്  പിടികൂടി. ഗുജറാത്തിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചില്ലറ  വിൽപ്പനയ്ക്കായി വ്യാജ ഹാർപിക്കുമായി പോവുകയായിരുന്ന ലോറി കുന്നംകുളം അഡീ. എസ് ഐ ഷക്കീർ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടിച്ചെടുത്തത്.

ചില്ലറ വിൽപ്പനക്കാരനായ സ്വകാര്യവ്യക്തി തന്റെ സ്ഥാപനത്തിലേക്ക് 8 ബോക്സ് ഹാർപിക് ഇറക്കിയിരുന്നു. എന്നാൽ ഈ ഹാർപിക് ഉപയോഗിക്കുമ്പോൾ ടോയ്‌ലറ്റുകളിൽ കറുപ്പുനിറം വരുന്നുണ്ടെന്ന് പരാതി വ്യാപകമായതോടെയാണ് ഇയാൾ സ്വന്തം വീട്ടിലെ ടോയ്‌ലറ്റിൽ പുതിയതായി ഇറക്കിയ ഹാർപിക് ഉപയോഗിച്ചു നോക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഹർപ്പിക്കാണ് വ്യാപാര സ്ഥാപനത്തിൽ വിതരണം ചെയ്തതെന്ന് മനസ്സിലാക്കിയത്.

സംഭവത്തിൽ കുന്നംകുളം പോലീസിനെ വിവരം നൽകുകയായിരുന്നു. പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന ഏഴ് ലക്ഷത്തോളം രൂപ വിലവരുന്ന ഒരു ലോഡ് വ്യാജ ഹാർപിക് പിടികൂടിയത്. പിന്നീട് ഹാർപിക് ലെ ഉദ്യോഗസ്ഥരെത്തി സാധനം വ്യാജമാണെന്ന്  സ്ഥിരീകരിച്ചു.

എന്നാൽ സ്ഥാപനത്തിന്റെ ലീഗിൽ വിഭാഗം ഇതുമായി ബന്ധപ്പെട്ട നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ വിൻസെന്റ് സിവിൽ പോലീസ് ഓഫീസർമാരായ ഹംദ്, സന്ദീപ്, ജോൺസൺ, മനു, എന്നിവരടങ്ങുന്ന സംഘമാണ് വ്യാജ ഹർപ്പിക്കുമായി എത്തിയ വാഹനം പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K