22 April, 2022 12:27:53 PM


തൃശൂർ പൂരം: ദേവസ്വങ്ങളുടെ മേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കരുത് - പൂരപ്രേമി സംഘം



തൃശൂർ: തൃശൂർ പൂരത്തിന് ദേവസ്വങ്ങളുടെ മേൽ അധിക ബാധ്യത വരുത്തുന്ന രീതി ആശാസ്യമല്ലെന്ന് പൂരപ്രേമി സംഘം പറഞ്ഞു. കോവിഡിൻ്റെ പശ്ച്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷമായി പൂരം പ്രദർശനത്തിൽ ദേവസ്വങ്ങൾക്ക് കോടികളുടെ നഷ്ടമാണ് വന്നിട്ടുള്ളത്. രണ്ട് വർഷത്തിനു ശേഷം പൂർണ്ണ തോതിൽ നടക്കുന്ന തൃശൂർ പൂരം നടത്തിപ്പിന് കൂടുതൽ സാമ്പത്തിക ബാധ്യത ദേവസ്വങ്ങളെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മാഫിയയെ സർക്കാർ കടിഞ്ഞാണിടണമെന്നും പൂരപ്രേമി സംഘം പറഞ്ഞു.

പൂരം എങ്ങിനെ ജനസൗഹൃദമായി നടത്താം എന്നതിനു പകരം എങ്ങിനെ നടത്തിപ്പുകാരെ ബുദ്ധിമുട്ടിക്കാം എന്നാണ് ഉദ്യോഗസ്ഥ വൃന്ദം ശ്രമിക്കുന്നത്. ഇതിനെതിരെ സംസ്ഥാന , കേന്ദ്ര സർക്കാരുകളും ജനപ്രതിനിധികളും ഇടപെടണമെന്നും പൂരപ്രേമി സംഘം പ്രസ്ഥാവനയിലൂടെ പറഞ്ഞു. പൂരപ്രേമി സംഘം പ്രസിഡണ്ട് ബൈജു താഴേക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രത്യേക യോഗത്തിൽ പൂരം നടത്തിപ്പിന് പൂരപ്രേമി സംഘത്തിൻ്റെ എല്ലാ സഹായങ്ങളും ദേവസ്വങ്ങൾക്ക് നൽകുമെന്ന് യോഗം ഉത്ഘാടനം ചെയ്ത പൂരപ്രേമി സംഘം രക്ഷാധികാരി നന്ദൻ വാകയിൽ പറഞ്ഞു. പൂരപ്രേമി സംഘം കൺവീനർ വിനോദ് കണ്ടെംകാവിൽ, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, ട്രഷറർ അരുൺ പി വി, സജേഷ് കുന്നമ്പത്ത് എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K