20 April, 2022 09:18:39 AM


പടക്കം വാങ്ങി പണത്തിനു പകരം സംഭാവന രസീതി നല്‍കി രാഷ്ട്രീയ നേതാക്കൾ



തൃശ്ശൂര്‍: ചേലക്കരയില്‍ പടക്കം വാങ്ങി പണത്തിനു പകരം സംഭാവന രസീതി നല്‍കിയെന്ന് പരാതി. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് പടക്കക്കട ഉടമ പഴയന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. അയ്യായിരം രൂപയുടെ പടക്കം ഭീഷണിപ്പെടുത്തി നാലംഗസംഘം കൊണ്ടുപോയെന്നാണ് പരാതി.

കുന്നംകുളം സ്വദേശി ബോബന്‍ വിഷുവിന് ചേലക്കര ചീരക്കുഴിയില്‍ പടക്കവില്‍പന നടത്തിയിരുന്നു. വിഷുത്തലേന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പരിചയപ്പെടുത്തി നാല് പേര്‍ കാറില്‍ വന്ന് അയ്യായിരം രൂപ പരിവ് ആവശ്യപ്പെടുകയും ചെയ്തു. ആയിരം രൂപ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ 4900 രൂപയുടെ പടക്കം ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നാണ് പരാതി. ഇതിന് ശേഷം ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പേരില്‍ 4,900 രൂപയുടെ രസീതിയും നല്‍കി.

എന്നാല്‍ പടക്കത്തിന് പണം നല്‍കാന്‍ തയാറായിട്ടും ഉടമ വാങ്ങിയില്ലെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. പകരം രസീതി ആവശ്യപ്പെട്ടതുകൊണ്ടാണ് നല്‍കിയത്. വിഷുക്കിറ്റ് നല്‍കാനാണ് പടക്കം വാങ്ങിയതെന്നും ഇതിന്റെ പണം പൊലീസ് സ്റ്റേഷനില്‍ വച്ച് കൈമാറിയെന്നും നേതാക്കള്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K