12 April, 2022 11:50:16 AM


ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു; സിപിഎമ്മിന്‍റെ ഭീഷണിയെന്ന് ആത്മഹത്യാക്കുറിപ്പ്



തൃശൂർ: സിഐടിയു വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ത നിലയിൽ. തൃശൂർ പീച്ചി സ്വദേശി കോലഞ്ചേരി വീട്ടിൽ കെ.ജി. സജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തനിക്ക് സിപിഐഎമ്മിന്‍റെ ഭീഷണിയുണ്ടായിരുന്നെന്ന സജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സിപിഐഎമ്മിലെ രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെയാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ളത്.

പീച്ചി പൊലീസ് അന്വേഷണം തുടങ്ങി. സിപിഎം ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഭീഷണിപ്പെടുത്തിയെന്ന് സജിയുടെ സഹോദരന്‍ പറഞ്ഞു. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട സജിയുടെ വിയോ​ഗം നാട്ടുകാർക്കും വലിയ വേദനയാണ്. സജി ആദ്യം സിഐടിയു യൂണിയനിലായിരുന്നു. ബ്രാഞ്ച് സെക്രട്ടറി പാലം പണിയുടെ പേരിൽ പണം പിരിക്കാറുണ്ടായിരുന്നു. സജി ഉൾപ്പടെയുള്ള ചില‍ർ ഇത് ചോദ്യം ചെയ്തിരുന്നുവെന്നും തുടർന്നാണ് സിഐടിയു വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ചതെന്നും സജിയുടെ സഹോദരൻ പറയുന്നു.

ഏറെക്കാലമായി പീച്ചിയിലെ സി.ഐ.ടി.യു യൂണിറ്റിൽ തർക്കങ്ങൾ നിലനിന്നിരുന്നു. സി.ഐ.ടി.യു പ്രവർത്തകർ യൂണിയൻ വസ്ത്രവും ബഹിഷ്കരിച്ചിരുന്നു. സി.ഐ.ടി.യു. ഓഫീസിനെ സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയൻ എന്ന് പുനർനാമകരണം ചെയ്തിരുന്നു. പാർട്ടി നേതാക്കൾ ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ല. എന്നാൽ ചില തൊഴിലാളികൾ പിന്നീട് പാർട്ടിപക്ഷത്തേക്ക് മാറിയതോടെ സജിയെ പാർട്ടിയിൽ ഒറ്റപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് പാർട്ടി നേതാക്കൾക്കെതിരെ വ്യാപക പ്രതിഷേധവും നടന്നിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K