12 April, 2022 10:18:33 AM


ചക്കയെ ചൊല്ലി തര്‍ക്കം: വീടിന് തീയിട്ട് യുവാവ്; കുട്ടികളുടെ പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും നശിച്ചു



തൃശൂര്‍: ചക്കയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വീടിന് തീ വെച്ച് യുവാവ്. കുട്ടികളുടെ പുസ്തകങ്ങളും എസ് എസ് എല്‍ സി പരീക്ഷയുടെ ഹാള്‍ ടിക്കറ്റും സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമടക്കം തീവെച്ച് നശിപ്പിച്ചു. സംഭവത്തില്‍ അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടില്‍ സജേഷിനെ (46) പിതാവ് ശ്രീധരന്റെ പരാതിയില്‍ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.

ശ്രീധരന്റെ മകള്‍ താമസിക്കുന്ന പെരിഞ്ചേരിയിലെ വീട്ടില്‍ നിന്നും മരുമകന്‍ എത്തിച്ച ചക്കയെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലേക്കും ഒടുവില്‍ വീടിന് തീയിടുന്നതിലേക്കുമെത്തിയത്. ഞായറാഴ്ച പകലില്‍ ശ്രീധരന്റെ മകളുടെ ഭര്‍ത്താവ് സജേഷിന്റെ വീട്ടില്‍ ചക്ക എത്തിച്ചിരുന്നു. ഇത് കൊണ്ടു വന്നത് ചോദിച്ച് സജേഷും ശ്രീധരന്റെ മരുമകനുമായും തര്‍ക്കത്തിലാവുകയും കത്തിയെടുത്ത് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. തര്‍ക്കത്തിന് ശേഷം മരുമകനുമൊന്നിച്ച് പെരിഞ്ചേരിയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് രാത്രിയിലാണ് സജേഷ് വീടിന് തീയിട്ടത്.

സജേഷിന്റെ ഭാര്യ വിദേശത്താണ്. സജേഷിനൊപ്പം പത്താം ക്ലാസിലും എട്ടാംക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുമാണ് താമസിക്കുന്നത്. സജേഷിന്റെ വീടിന് സമീപത്തുള്ളവരാണ് വീടിന് തീയിട്ട വിവരം ശ്രീധരനെ അറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തി അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി തീ അണച്ചുവെങ്കിലും കുട്ടികളുടെ പഠിക്കാനുള്ള പുസ്തകങ്ങളും ഹാള്‍ടിക്കറ്റും മറ്റ് സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും കത്തി നശിച്ചിരുന്നു.

സജേഷിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ സജേഷിനെ റിമാന്‍ഡ് ചെയ്തു. നെടുപുഴ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം വി പൗലോസ് നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീനാഥ്, പ്രിയന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K