02 April, 2022 06:24:05 PM
ചാലക്കുടിയില്‍ വന്‍ സ്പിരിറ്റ് വേട്ട; ഏഴോളം ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റില്‍
ചാലക്കുടി: ചാലക്കുടി കോടതി ജംഗ്ഷനിൽ അറുന്നൂറോളം ലിറ്റർ സ്പിരിറ്റ് പിടികൂടി. ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചാലക്കുടി പോലീസും ചേർന്നാണ് സ്പിരിറ്റ് വേട്ട നടത്തിയത്. ഏഴോളം ക്രിമിനൽ കേസുകളിലെ പ്രതിയും അന്തിക്കാട് പുള്ള് സ്വദേശിയുമായ ഇക്കണ്ടപറമ്പിൽ വീട്ടിൽ സുനിൽ (54 വയസ്) ആണ് കാറിൽ സ്പിരിറ്റ് കടത്തവേ പിടിയിലായത്. ടൊയോട്ട എറ്റിയോസ് കാറിൽ 14 ക്യാനുകളിലാക്കിയാണ് സ്പിരിറ്റ് കളമശ്ശേരിയിൽനിന്നും ചാവക്കാട്ടേക്ക് കൊണ്ടു പോയിരുന്നത്.
സുനിൽ മുമ്പ് എറണാകുളത്ത് സ്പിരിറ്റ് കടത്തിയ കേസിലും, കൊടുങ്ങല്ലൂരിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിലും ചേർപ്പിൽ കാൽ നടയാത്രക്കാരൻ വാഹനമിടിച്ച് മരിച്ച കേസിലും പ്രതിയാണ്. സ്പിരിറ്റ് കടത്തിന്‍റെ സൂചനകളെ തുടർന്ന് ഒന്നരയാഴ്ചയോളമായി ഷാഡോ പോലീസ് സംഘം ഹൈവേയിൽ നിരന്തര നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് സ്പിരിറ്റ് കടത്തുകയായിരുന്ന കാർ പിടികൂടിയത്. സുനിലിൽ നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു.