29 March, 2022 01:11:53 PM


മൂന്നു കോടി മുടക്കി നിര്‍മ്മാണം; ആയുസ് ഒന്നരക്കൊല്ലം: സ്കൂള്‍ കെട്ടിടം പൊളിക്കുന്നു



തൃശൂര്‍: കിഫ്ബിയുടെ 3.75 കോടി മുടക്കി ഒന്നര വര്‍ഷം മുന്‍പ് നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു. നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിക്കുന്നത്. ചെമ്പൂച്ചിറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച അഞ്ചു ക്ലാസ് മുറികളാണ് പൊളിക്കുന്നത്. പഴയ ക്ലാസ് മുറികള്‍ക്ക് മുകളില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ടിടമാണിത്.

ഏറ്റവും കനം കുറഞ്ഞ കമ്പി ഉപയോഗിച്ചാണ് രണ്ടാം നില വാര്‍ത്തിരിക്കുന്നത്. കെട്ടിടത്തിന്റെ ടെറസില്‍ വിള്ളലുകള്‍ രൂപപ്പെട്ടതോടെ ചോര്‍ച്ചയും കണ്ടുതുടങ്ങി. കിഫ്ബി തയ്യാറാക്കിയ പ്ലാനില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്‍റെ മണ്ഡലത്തില്‍ നിര്‍മ്മിച്ച കെട്ടിടമാണിത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട് നിര്‍മാണം നടത്തുകയായിരുന്നെന്ന് ആരോപണമുണ്ടായിരുന്നു. നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ക്കകം കെട്ടിടത്തില്‍ വിള്ളലുണ്ടായി.

തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജിലെ വിദഗ്ധ സംഘവും കിഫ്ബിയും പരിശോധന നടത്തിയിരുന്നു. എന്നാല്‍ കെട്ടിടം പൊളിക്കണ്ടെന്നും അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയെന്നുമായിരുന്നു ഉപദേശം. വിദഗ്ധ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അപാകതയുള്ള കെട്ടിടത്തിന് പകരം പുതിയ 5 ക്ലാസ് മുറികള്‍ നിര്‍മ്മിക്കാന്‍ നിര്‍മാണ ഏജന്‍സിയായ കെറ്റിനോട് ആവശ്യപ്പെടുമെന്ന് തിരുവനന്തപുരത്ത് മന്ത്രി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K