21 March, 2022 12:15:22 AM
മനുഷ്യജീവന് വില പേശി സ്വകാര്യ ആശുപത്രി: പണമെറിഞ്ഞ് മാതൃകയായി ഡിവൈഎസ്പി
കൊടുങ്ങല്ലൂർ: മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ ബാധ്യസ്ഥരായ ഡോക്ടർമാരും ആശുപത്രി അധികാരികളും ഒരു ജീവന് വില പേശിയപ്പോൾ മാതൃകയായി മാറി പോലീസ് ഡിവൈഎസ്പി. കൊടുങ്ങല്ലൂർ എ.ആർ. മെഡിക്കൽ സെൻ്ററിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
രാത്രിയിൽ എറിയാട് വെച്ച് വെട്ടേറ്റ്, ഗുരുതര പരിക്കുകളോടെ കൊടുങ്ങല്ലൂർ എ.ആർ. മെഡിക്കൽ സെൻ്ററിൽ എത്തിച്ച റിൻസി എന്ന യുവതിയെ, പരിക്ക് ഗുരുതരമായതിനാൽ അവിടെ നിന്നും വേറെ ആശുപത്രിയിലേക്ക് മാറ്റാൻ ഡിസ്ചാർജ് നൽകും മുൻപ് ആശുപത്രി അധികൃതർ നൽകിയത് 25,000 രൂപയുടെ ബില്ല്. ഹോസ്പിറ്റൽ അധികൃതർ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആവശ്യപ്പെട്ട ഈ പണം രോഗിയുടെ ബന്ധുക്കളുടെ കയ്യിലും അവിടെയുണ്ടായിരുന്ന വാർഡ് മെമ്പർ അടക്കം മറ്റു പല പൊതുപ്രവർത്തകരുടെ കയ്യിലും ഇല്ലായിരുന്നു.
അടുത്ത ദിവസം രാവിലെ പണം അടക്കാമെന്ന് പൊതുപ്രവർത്തകരും ബന്ധുക്കളും ആശുപത്രി അധികൃതരോട് പലവട്ടം പറഞ്ഞുവെങ്കിലും മനുഷ്യത്വം മരവിച്ച ആശുപത്രി അധികൃതർ സമ്മതിച്ചില്ല. ഈ സമയം അവിടെത്തിയ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് കാര്യങ്ങൾ അന്വേഷിക്കുകയും സ്വന്തം ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടക്കുകയും ചെയ്തു.
ആശുപത്രി അധികൃതരുടെ വില പേശലിനൊടുവിൽ പോലീസ് ഉദ്യോഗസ്ഥൻ കരുതലുമായി എത്തിയെങ്കിലും പെൺകുട്ടി പിന്നീട് മരണമടഞ്ഞു. ആശുപത്രി അധികൃതരുടെ നിരുത്തരവാദപരമായ നടപടിയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഒപ്പം പോലീസ് ഉദ്യോഗസ്ഥന്റെ ആൽമാർത്ഥതയെ നാട്ടുകാർ അഭിനന്ദിക്കുകയും ചെയ്യുന്നു.