16 March, 2022 05:04:54 PM
ടി.എം.കൃഷ്ണചന്ദ്രൻ ഗുരുവായൂർ ക്ഷേത്രം മേൽശാന്തി; നിയമനം ആറ് മാസത്തേക്ക്
തൃശൂര്‍: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി പാലക്കാട് കൂനത്തറ തിയ്യന്നൂർ മനയിൽ ടി.എം. കൃഷ്ണചന്ദ്രനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കാണ് നിയമനം. ഉച്ചപൂജയ്ക്കു ശേഷം നമസ്ക്കാര മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന്‍റെ നിർദേശമനുസരിച്ച് വെള്ളിക്കുടത്തിൽ നിക്ഷേപിച്ച പേരുകളിൽ നിന്ന് നിലവിലെ മേൽശാന്തി തെക്കേപ്പാട്ട് ജയപ്രകാശൻ നമ്പൂതിരിയാണ് നറുക്കെടുത്തത്.
ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹന കൃഷ്ണൻ , അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ഭക്തജനങ്ങൾ, മാധ്യമ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. 37 വയസ്സുകാരനായ ടി.എം. കൃഷ്ണചന്ദ്രൻ ബികോം കോ ഓപ്പറേഷൻ ബിരുദധാരിയാണ്. ഒറ്റപ്പാലം അർബൻ ബാങ്കിലെ ക്ലാർക്കാണ്. പുതിയ മേൽശാന്തി 12 ദിവസം ക്ഷേത്രത്തിൽ ഭജനം നടത്തിയ ശേഷം 31 ന് രാത്രി ചുമതലയേൽക്കും. ആറു മാസം ക്ഷേത്രത്തിൽ താമസിച്ച് പുറപ്പെടാ ശാന്തിയായി പൂജകൾ നിർവ്വഹിക്കും.