26 February, 2022 10:49:10 AM


അധികൃതരുടെ കനിവുതേടി ചിറയ്ക്കൽ കൊറ്റങ്കോട് റെഗുലേറ്ററും അനുബന്ധ റോഡും



തൃശൂര്‍: ചിറയ്ക്കൽ കൊറ്റങ്കോട് റെഗുലേറ്ററും അനുബന്ധ റോഡും കാലപ്പഴക്കവും അവഗണനയും മൂലം അപകടാവസ്ഥയില്‍ ആയിട്ട് വര്‍ഷങ്ങള്‍. മേജർ ഇറിഗേഷന് കീഴിലുള്ള 1.58 കിലോമീറ്ററിൽ ഉൾപ്പെടുന്ന റെഗുലേറ്റർ അപ്രോച്ച് റോഡില്‍ യാത്ര തീരെ ദുസഹം. 1977 ഓഗസ്റ്റ് 18ന് മന്ത്രിയായിരുന്ന കെ.കെ. ബാലകൃഷ്ണൻ റെഗുലേറ്ററിന്‍റെ ഉദ്ഘാടനം നടത്തിയതിനുശേഷം രണ്ടു തവണ മാത്രമാണ് റോഡ് അറ്റകുറ്റപ്പണി നടത്തിയതെന്ന് പരിസരവാസികൾ പറയുന്നു. ടാറിളകി പാലത്തിന്‍റെ കോൺക്രീറ്റ് പുറത്തുകാണുന്ന അവസ്ഥയാണ്.


വ്യക്തികളും സംഘടനകളും നിരവധിതവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയായില്ല. നേരത്തെയുള്ള 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പുതുക്കി 68 ലക്ഷത്തിന്‍റെ ഡി.പി. ആർ 2021 നവംബറിൽ തിരുവനന്തപുരത്തെ ചീഫ് എൻജിനിയർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും, ബാക്കി നടപടികൾ അവിടെനിന്നാണ് വരേണ്ടതെന്നുമാണ് തൃശ്ശൂർ ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയറും അഡീഷണൽ ഡിവി ഷൻ എക്സിക്യുട്ടീവ് എൻജിനീയറും പറയുന്നത്.



അറ്റകുറ്റപ്പണികളില്ലാതായതോടെ കൊറ്റങ്കോട് റെഗുലേറ്ററികളുൾപ്പെടെ  നാശത്തിന്‍റെ വക്കിലാണ്. വൈദ്യുതിബന്ധം ഇല്ലാത്തതു മൂലം മനുഷ്യാധ്വാനത്താൽ മാത്രമേ ഷട്ടർ പ്രവർത്തിപ്പിക്കാനാകു. പ്രളയം പോലുള്ള അടിയന്തിരഘട്ടങ്ങളിൽ ഇത് പ്രായോഗികമല്ല. പാലത്തിലെ വഴിവിളക്കുകൾ പ്രകാശിക്കാതായിട്ടും നാളേറെയായി.


ഇടുങ്ങിയ പാലത്തിലൂടെ വാഹനഗതാഗതവും ദുഷ്കരം. ഭാരവാഹനങ്ങൾ നിരോധിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പ് ബോർഡുണ്ടെങ്കിലും ടിപ്പർ ലോറി ഉൾപ്പെടെ ഇതിലൂടെ നിരന്തരം ഗതാഗതം നടത്തുന്നുണ്ട്. നാട്ടിക, ഇരിങ്ങാലക്കുട നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡും, ജില്ലയിലെ മുഖ്യ കുടിവെള്ള സ്രോതസുമാണ് അധികൃതരുടെ അനാസ്ഥയിൽ അനാഥമായി കിടക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K