20 January, 2022 03:14:19 PM


കുതിരാനിലെ രണ്ടാം തുരങ്കം തുറന്നു: കടത്തിവിടുന്നത് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ



തൃശൂർ: കുതിരാനിലെ രണ്ടാം തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുത്തു. ഉച്ചയോടെയാണ് കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഗതാഗതത്തിന് ഭാഗീകമായി തുറന്ന് നൽകിയത്. തൃശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ് കടത്തി വിടുന്നത്. ഒന്നാം തുരങ്കത്തിലെ രണ്ടുവരി ഗതാഗതം ഒഴിവാക്കി ഇനി ഒരുവരിയാക്കും. പ്രധാന അപ്രോച്ച് റോഡിന്റെ പണി ഇനിയും പൂർത്തിയാകാനിരിക്കെയാണ് തുരങ്കത്തിന്റെ ഒരു ഭാഗം നാഷണൽ ഹൈവേ അതോറിറ്റി ഗതാഗതത്തിന് തുറന്ന് നൽകാൻ തീരുമാനിച്ചത്. 

972 മീറ്ററാണ് രണ്ടാം തുരങ്കത്തിന്റെ നീളം. 14 മീറ്റർ വീതിയിലും 10 മീറ്റർ ഉയരത്തിലുമാണ് തുരങ്കത്തിന്റെ നിർമ്മാണം. സിസിടിവി, എൽഇഡി ലൈറ്റുകൾ,  ഡീസൽ, ഇലക്ട്രിക്ക് പമ്പുകൾ എന്നിവയടക്കം തുരങ്കത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രമാണ് പണി പൂർത്തിയായെന്ന കത്ത് ദേശീയ പാതാ അതോരിറ്റി ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ഇത് സർക്കാർ തലത്തിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രണ്ടാം തുരങ്കം ഏപ്രിലിൽ പൂർണമായും തുറന്ന് നൽകാമെന്നായിരുന്നു സർക്കാർ നിലപാട്.  തുരങ്കം സഞ്ചാരയോഗ്യമായ സാഹചര്യത്തിലാണ് തുറന്നു നൽകാമെന്ന തീരുമാനം ദേശീയപാതാ അതോറിറ്റി മുന്നോട്ട് വെച്ചത്. 2009 ലാണ് കുതിരാനുൾപ്പെട്ട ദേശീയ പാതയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. ഒന്നാം തുരങ്കം നേരത്തെ തുറന്ന് നൽകിയിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K