04 January, 2022 10:09:26 AM


വാറ്റു ചാരായം: ഓട്ടോ ഡ്രൈവറെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയതായി പരാതി



തൃശൂര്‍: വാറ്റു ചാരായം സൂക്ഷിച്ചെന്ന പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയതായി പരാതി. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബെന്നിയുടെ ഓട്ടോറിക്ഷയില്‍ നിന്ന് പൊലീസ് ചാരായം പിടിച്ചെടുത്തതില്‍ ഗൂഢാലോചന ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം. ഡിസംബര്‍ 26ന് രാത്രി പത്തു മണിയ്ക്ക് സംഭവം. 72 വയസ്സുളള അമ്മയും ബെന്നിയും മാത്രം വീട്ടിലുള്ള സമയത്ത് വീട്ടിലേക്ക് എത്തിയ പൊലീസ് ഉറങ്ങികിടക്കുകയായിരുന്ന ബെന്നിയുടെ മുഖത്ത് വെള്ളമൊഴിച്ച് ഉണര്‍ത്തുകയായിരുന്നു.

പിന്നീട് ഓട്ടോറിക്ഷ പരിശോധിച്ച് അരലിറ്റര്‍ വാറ്റു ചാരായം കണ്ടെടുത്തു. തുടര്‍ന്ന് തൊട്ടടുത്ത പറമ്പില്‍ പരിശോധന നടത്തി മൂന്നര ലിറ്റര്‍ വാറ്റു ചാരായം കൂടി കണ്ടെത്തു. അനധികൃതമായി മദ്യം കൈവശം വെക്കുകയും വില്പന നടത്തുകയും ചെയ്തതിന് അറസ്റ്റിലായ ബെന്നി ഇപ്പോള്‍ റിമാന്റിലാണ്. മദ്യപിക്കുന്ന സ്വഭാവമുണ്ടെങ്കിലും ബെന്നി ഒരിക്കിലും മദ്യവില്‍പന നടത്താറില്ലെന്ന് കുടുംബം പറയുന്നു. എന്നാല്‍ ബെന്നി വാറ്റു ചാരായം വില്‍ക്കുന്നുണ്ടെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് കൊരട്ടി പൊലീസിന്‍റെ വിശദീകരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K