30 December, 2021 04:35:51 PM
തൃശ്ശൂർ കോർപ്പറേഷന്‍ മോടി പിടിപ്പിക്കല്‍: അഴിമതി ആരോപണം; കോൺഗ്രസ് കൗൺസിലർമാർ അറസ്റ്റില്‍
തൃശ്ശൂര്‍: തൃശ്ശൂർ കോർപ്പറേഷന്‍റെ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധ മാർച്ച് നടത്തി. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ഒറ്റ പദ്ധതിയായി നടത്തേണ്ട പദ്ധതികൾ അഞ്ചുലക്ഷം രൂപ വീതം 51 ഫയലുകളായി ക്രമികരിച്ചത് ന്യായീകരിക്കാനാവില്ല. കോർപ്പറേഷൻ മോടിപിടിപ്പിക്കലിൽ കോടികളുടെ അഴിമതി, തുടങ്ങി നിരവധി വിഷയങ്ങൾ ഉന്നയിച്ചായിരുന്നു കോൺഗ്രസ് കൗൺസിലർമാരുടെ മാർച്ച്. കോർപ്പറേഷന് മുന്നിൽ ഇവരെ പൊലീസ് തടഞ്ഞു. ഉന്തും തള്ളുമായതോടെ അറസ്റ്റ് ചെയ്ത് നീക്കി.
കോര്‍പ്പറേഷന്‍റെ ശതാബ്ദി ആഘോഷ പരിപാടിയിൽ പങ്കെടുക്കേണ്ട ടി എൻ പ്രതാപൻ എംപി കൗൺസിലർമാരുടെ ആവശ്യത്തെ തുടര്‍ന്ന് വിട്ടുനിന്നു. ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ഗാന്ധി പ്രതിമ മന്ത്രി കെ രാധാകൃഷ്ണൻ അനാച്ഛാദനം ചെയ്തു. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്തത്. നവീകരിച്ച മേയറുടെ ചേംബറും ശതാബ്ദി കവാടവും തുറന്നു. നൂറ് വ്യത്യസ്ഥ പരിപാടികളിലൂടെ ആഘോഷം ഗംഭീരമാക്കാനാണ് അധികൃതരുടെ തീരുമാനം. സംസ്ഥാനത്ത് വൈദ്യുതി, കുടിവെള്ളം എന്നിവയുടെ വിതരണാവകാശമുള്ള ഏക തദ്ദേശ സ്ഥാപനമാണ് തൃശ്ശൂർ കോർപ്പറേഷൻ.