01 December, 2021 11:33:20 PM


പച്ചക്കറിച്ചന്തയിലൊരു പുസ്തക പ്രകാശനം: ഉപഹാരമായി തക്കാളിയും വഴുതനങ്ങയും



തൃശ്ശൂർ: പുസ്തക പ്രകാശനത്തിൽ വേറിട്ട വഴികൾ സ്വീകരിക്കുന്ന ബാലസാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാട് രചിച്ച ബാലകവിതാ സമാഹാരം തക്കാളിക്കല്യാണം,
ശക്തൻ പച്ചക്കറി മാർക്കറ്റിൽ പി ബാലചന്ദ്രൻ എംഎൽഎ പ്രകാശനം ചെയ്തു. എം പി സുരേന്ദ്രൻ ഏറ്റുവാങ്ങി. പച്ചക്കറികൾക്കും മൃഗങ്ങൾക്കും മനുഷ്യ ഭാവം കൽപ്പിച്ച് കഥകളും കവിതകളും എഴുതുന്ന എഴുത്തുകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാട് രചിച്ച തക്കാളിയുടെയും വഴുതനങ്ങയുടെയും കല്യാണക്കവിത ഉൾപ്പെടെ 75 കുട്ടിക്കവിതകൾ ഉൾപ്പെടുന്ന സമാഹാരം പച്ചക്കറിച്ചന്തയിൽ വച്ച് പ്രകാശനം ചെയ്ത എംഎൽഎക്ക് തക്കാളിയും വഴുതനങ്ങയും ഉപഹാരമായി നൽകി.

അനിൽകുമാർ , പി എം ബ്രഹ്മദത്തൻ, സൗമ്യ ഹരീഷ്, ഭാസ്കരൻ എന്നിവർ സംസാരിച്ചു. ഗുരുവായൂർ പത്മനാഭനെക്കൊണ്ട് ആനക്കുപ്പായം എന്ന പുസ്തകവും, കഥകളിയരങ്ങിൽ, നളചരിതവും, മുടിയേറ്റിൽ കാളി വേഷത്തെ കൊണ്ട് ഭദ്രകാളീ ചരിതവും പ്രകാശനം ചെയ്തതിന്റെ തുടർച്ചയായിട്ടാണ് തക്കാളിക്കല്യാണം തക്കാളിയുടെയും വഴുതനങ്ങയുടെയും സാങ്കല്പിക വിവാഹമായി പ്രകാശനം ചെയ്തത്.

തുടർച്ചയായി നവമാധ്യമങ്ങളിൽ കഥപറയുന്ന ഹരീഷ്  തക്കാളിപ്പെണ്ണിന്റെ കല്യാണക്കഥ ശബ്ദരൂപത്തിൽ കഥ പറയാം കേൾക്കൂ എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ അയച്ചു. ഭിന്നശേഷി സൗഹൃദത്തിന്റെ ഭാഗമായി സ്നേഹവിദ്യാലയം, ആകാശത്തിന് അതിരില്ല, പരുന്തു രാമു, നാണുവും കേളുവും മുതലായ  കഥകളാണ് ഈ ആഴ്ച ശബ്ദ രൂപത്തിൽ വാട്സാപ്പ് വഴി അയക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K