14 November, 2021 09:44:36 PM


ഇന്ത്യ- പാകിസ്ഥാന്‍ പരമ്പരകള്‍ പുനരാരംഭിക്കാന്‍ സാധ്യതയില്ലെന്ന് സൗരവ് ഗാംഗുലി



ഷാര്‍ജ: ഇന്ത്യ-പാകിസ്ഥാന്‍ പരമ്പര പുനരാരംഭിക്കാനുളള സാധ്യതകള്‍ ഒന്നും തന്നെയില്ലെന്ന് തുറന്ന് പറഞ്ഞ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഭരണകൂടങ്ങളാണ് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടതെന്നും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും സൗരവ് ഗാംഗുലി പറയുന്നു. നാല്‍പതാമത് ഷാര്‍ജ അന്താരാഷ്ട്ര ബുക്ക് ഫെയറിന്റെ സമാപനത്തോട് അനുബന്ധിച്ച് സംസാരിക്കവെയാണ് ഗാംഗുലി ഇക്കാര്യത്തെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്.

'ഇത് ബോര്‍ഡുകളുടെ കയ്യിലല്ല. ലോക ടൂര്‍ണമെന്റുകളില്‍. രണ്ട് ടീമുകളും പരസ്പരം കളിക്കുന്നു. രണ്ട് ടീമുകളും തമ്മിലുളള ഉഭയകക്ഷി ക്രിക്കറ്റ് വര്‍ഷങ്ങളായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതാത് സര്‍ക്കാരുകള്‍ തമ്മില്‍ പ്രവര്‍ത്തിക്കേണ്ട കാര്യമാണിത്. ഇത് റമീസിന്റെയോ എന്റെയോ കൈയ്യിലല്ല'- ഗാംഗുലി വിശദമാക്കി.

ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ചിരവൈരികളുടെ പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ഇത്തവണത്തെ മത്സരത്തിനും ഈ ആവേശത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല.

സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ 10 വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്ഥാന്‍ ലോകകപ്പ് വേദിയില്‍ ഇന്ത്യക്കെതിരെ അവരുടെ ആദ്യ ജയം കൂടിയാണ് കുറിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K