28 October, 2021 08:17:33 PM
വ്യാജ ഓഫർ ലെറ്ററുമായി ഫ്രാൻസിലേക്ക് പോകാൻ ശ്രമം; യുവാവ് പിടിയിൽ
തൃശൂർ: വ്യാജ ഓഫറിംഗ് ലെറ്റർ ചമച്ച് ഫ്രാൻസിലേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെതിരെ നെടുമ്പാശേരി പോലീസ് കേസെടുത്തു. തൃശൂർ ചുവന്നമണ്ണ് കാരോത്ത് മംഗലത്ത് വീട്ടിൽ റിജോ വർഗീസിന് (35) എതിരെയാണ് കേസ്. ബുധനാഴ്ച പുലർച്ചെ ഇത്തിഹാദ് വിമാനത്തിൽ പോകാനായിരുന്നു ശ്രമം. സംശയം തോന്നിയ എമിഗ്രേഷൻ വിഭാഗം ഓഫ് ലോഡ് ചെയ്ത് പോലീസിന് കൈമാറി.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഓഫർ ലെറ്റർ വ്യാജമാണെന്ന് തെളിഞ്ഞു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയാണ് റിജോയ്ക്കുള്ളത്. ബൂസ്റ്റൺ കൺസൽട്ടിംഗ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ലെറ്റർ വ്യാജമായി ഉണ്ടാക്കിയാണ് റിജോ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്. ടൂറിസ്റ്റ് വിസയിലാണ് ഫ്രാൻസിലേക്ക് പോകാൻ ശ്രമം നടത്തിയത്. വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുമായി യുകെയിലേക്ക് ഉപരിപഠനത്തിന് പോകാൻ ശമിച്ച എഴുപേരെ കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിരുന്നു.