01 August, 2021 09:20:24 AM
ആരവങ്ങളില്ലാതെ കുതിരാൻ തുരങ്കം തുറന്നു: ഉദ്ഘാടനത്തിൽ ക്രെഡിറ്റിന്റെ പ്രശ്നമില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കുതിരാൻ തുരങ്കപാത ഉദ്ഘാടനത്തിൽ ക്രെഡിറ്റിന്റെ പ്രശ്നമില്ലെന്ന് പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. നാടിന്റെ താത്പര്യമാണ് പ്രധാനം. സുരക്ഷ ഉറപ്പാക്കേണ്ടത് ദേശീയപാതാ അഥോറിറ്റിയാണെന്നും മന്ത്രി പറഞ്ഞു.
രണ്ടാം ടണലും സമയബന്ധിതമായി തുറക്കുമെന്ന് പ്രതീക്ഷ. ഇതിനായി ദേശീയപാതാ അഥോറിറ്റിക്ക് എല്ലാ സഹായവും നൽകുമെന്നും മന്ത്രി സ്വകാര്യ ചാനലിനോട് പറഞ്ഞു.
പതിനൊന്നുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ആഘോഷങ്ങളൊന്നുമില്ലാതെയാണ് കുതിരാനിലെ ഒരു തുരങ്കപാത തുറന്നു കൊടുത്തത്. മന്ത്രിമാരും ജനപ്രതിനിധികളുമില്ലാതെ ശനിയാഴ്ച രാത്രി 7.50ന് ഉദ്യോഗസ്ഥർ പാലക്കാട് ഭാഗത്തുനിന്നു വരുന്ന ദേശീയ പാതയിലെ തുരങ്കപ്പാത ഗതാഗതത്തിനായി തുറന്നു കൊടുക്കുകയായിരുന്നു.
ജില്ലാ കളക്ടർ ഹരിത വി. കുമാർ, സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ, ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടർ സഞ്ജയ്കുമാർ യാദവ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരാണ് ചരിത്രയാത്രയിലെ ആദ്യയാത്രക്കാരായത്.