28 July, 2021 02:14:54 PM
കുതിരാൻ തുരങ്കം തുറക്കാറായപ്പോൾ റോഡ് നിർമ്മാണം നിർത്തി തൊഴിലാളികൾ മടങ്ങി
തൃശൂര്‍: തുരങ്കത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനിടെ ആറുവരിപ്പാതയുടെ നിര്‍മാണം നിര്‍ത്തി. മഴയെത്തിയതോടെ ആറുവരിപ്പാതയിലൂടെയുള്ള ഗതാഗതവും ദുഷ്ക്കരമായി. പല സ്ഥലങ്ങളിലും റോഡുകള്‍ പൊളിഞ്ഞു. വെള്ളം കെട്ടിക്കിടക്കുന്നതോടെ റോഡിലെ കുഴികളില്‍ ഇരുചക്ര വാഹനങ്ങള്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവായി.
പട്ടിക്കാട് രണ്ട് അടിപ്പാതകളാണ് അതിവേഗം പണിതുകൊണ്ടിരുന്നത്. എന്നാല്‍, ജോലിക്കാര്‍ക്കു ശന്പളം ലഭിക്കുന്നില്ലെന്നു പറഞ്ഞ് ഒരാഴ്ചയായി ഇവിടത്തെ നിര്‍മാണം നിര്‍ത്തി ജോലിക്കാര്‍ മടങ്ങി. പണികള്‍ പകുതിയാക്കിയാണു ജോലിക്കാര്‍ മടങ്ങിയത്. പട്ടിക്കാട് സെന്ററിലെയും പീച്ചി റോഡ് ജംഗ്ഷനിലെയും അടിപ്പാതകളുടെ പണികള്‍ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനുള്ള എല്ലാ സാമഗ്രികളും ഇവിടെ അടുപ്പിച്ചിരുന്നു.
മഴ കനക്കുന്നതിനുമുന്പു മണ്ണടിക്കുന്നതിനും ശ്രമിച്ചിരുന്നു. എന്നാല്‍, ജോലിക്കാര്‍ പണി നിര്‍ത്തിയോടെ ഇവിടെയുള്ള ജനങ്ങളും കഷ്ടത്തിലായി. ഇനിയെത്ര നാള് ഇങ്ങനെ പണികള്‍ നടക്കാതെ യാത്ര ദുഷ്കരമാകുമെന്നാണ് എല്ലാവരുടെയും ആശങ്ക.
കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്തു മന്ത്രിതന്നെ രംഗത്തെത്തിയതോടെയാണു പണികള്‍ അതിവേഗത്തില്‍ തീര്‍ക്കാനായത്. നിര്‍ദേശം നല്‍കുക മാത്രമല്ല, പണികള്‍ തീരുന്നുണ്ടോയെന്നു പരിശോധിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തുകകൂടി ചെയ്തതോടെയാണു തുരങ്കനിര്‍മാണം സമയത്തുതന്നെ പൂര്‍ത്തിയാക്കാന്‍ കരാര്‍ കന്പനിയും ദേശീയപാത അഥോറിറ്റിയും തയാറായത്.
ഇതേ നിലപാട് റോഡിന്റെ നിര്‍മാണത്തിനും സര്‍ക്കാരും മന്ത്രിയും എടുക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. പണമില്ലെന്നു പറഞ്ഞു കുതിരാന്‍ തുരങ്കം തുറന്നയുടന്‍ ടോള്‍ ആരംഭിക്കാനാണു കരാര്‍ കന്പനിയുടെ നീക്കം. എന്നാല്‍, റോഡിന്റെ നിര്‍മാണം മുഴുവന്‍ പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നു നിരവധി സംഘടനകള്‍ നിലപാടെടുത്തിട്ടുണ്ട്.